കോഴിക്കോട് ബിവറേജ് ഔട്ട്ലറ്റിൽ നിന്നും മദ്യം കവർന്ന അഞ്ചുപേർ അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ പ്രീമിയം ബീവറേജ് ഔട്ട്ലറ്റിൽ നിന്ന് മദ്യം കവർന്ന അഞ്ചുപേർ അറസ്റ്റിൽ. എറണാകളും സ്വദേശികളായ സുഹൈൽ (19), ഫാറൂഖ് (19), അൻസിൽ (18), തൻവീർ (18), പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റുചെയ്തത്. മാർച്ച് 12ന് പാവമണി റോഡിലെ ഔട്ട്ലറ്റിൽ നിന്ന് ആറു കുപ്പി മദ്യമാണ് സംഘം കവർന്നത്.
എറണാകുളത്തുനിന്ന് കോഴിക്കോട്ടെത്തിയ സംഘം മദ്യം വാങ്ങാനെന്ന രീതിയിൽ ഔട്ട്ലെറ്റിലെത്തുകയും ആൾ തിരക്കില്ലാത്ത ഭാഗത്തുനിന്ന് മദ്യമെടുത്ത് ശരീരത്തിൽ ഒളിപ്പിച്ച് പുറത്തുകടക്കുകയുമായിരുന്നു. പരാതി ലഭിച്ചതിനുപിന്നാലെ പൊലീസ് ഔട്ട്ലെറ്റിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.
തുടർന്ന് പ്രതികളുടെ ദൃശ്യങ്ങൾ മറ്റു സ്റ്റേഷനുകളിലേക്കും നൽകിയതോടെ എറണാകുളം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ പൊലീസ് എറണാകുളത്തുപോയാണ് അറസ്റ്റുചെയ്തത്.