ആമ്പല്ലൂരിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ജീവനക്കാരെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ

ആമ്പല്ലൂർ: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ച ബൈക്ക് യാത്രക്കാരായ രണ്ടുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
പുതുക്കാട് ചുങ്കം തയ്യിൽ വീട്ടിൽ അശ്വിൻ (23), പുതുക്കാട് തേർമഠം വീട്ടിൽ ലിംസൺ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ദേശീയപാത കുറുമാലിയിൽ വെച്ചായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് ഇവർ മർദിച്ചത്.
പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു മർദനം. കൊടകര ഷഷ്ഠി കണ്ടുമടങ്ങിയ ഇവർ ബസിന് കുറുകെ ബൈക്ക് നിർത്തിയിടുകയായിരുന്നു.
ബസ് ജീവനക്കാരെ മർദിക്കുന്നതുകണ്ട യാത്രക്കാർ രോഷാകുലരായതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതികളെ കുറുമാലി ക്ഷേത്രപരിസരത്തുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പുതുക്കാട് എസ്.ഐമാരായ കെ.എസ്. സൂരജ്, കെ.കെ. ശ്രീനി, സി.പി.ഒമാരായ അഭിലാഷ്, അമൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.