‘അണലി’ തടയണമെന്ന ജോളിയുടെ ഹർജി തള്ളി കോടതി
കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അണലി’ എന്ന വെബ് സീരീസിന്റെ സ്ട്രീമിങ് തടയണമെന്ന ആവശ്യവുമായി കേസിലെ മുഖ്യപ്രതി ജോളി ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന സീരീസിന് പ്രദർശന വിലക്ക് ഏർപ്പെടുത്താൻ കോടതി വിസമ്മതിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച കോടതി, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമകളും സീരീസുകളും നിർമ്മിക്കുന്നതിൽ തെറ്റില്ലെന്ന് നിരീക്ഷിച്ചു.
tRootC1469263">ജസ്റ്റിസ് വി.ജെ. അരുൺ അധ്യക്ഷനായ ബെഞ്ചാണ് ജോളിയുടെ ഹർജി പരിഗണിച്ചത്. നിലവിൽ വിചാരണ നേരിടുന്ന കേസിനെ സീരീസ് സ്വാധീനിക്കുമെന്നായിരുന്നു ജോളിയുടെ വാദം. എന്നാൽ, ‘അണലി’ക്ക് കൂടത്തായി കേസുമായി കേവലം സാമ്യം മാത്രമേയുള്ളൂവെന്നും ഇത് പൂർണ്ണമായും ഒരു ഡോക്യുമെന്ററി അല്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ സുകുമാരക്കുറിപ്പിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ‘കുറുപ്പ്’ എന്ന സിനിമയുടെ ഉദാഹരണവും കോടതി ചൂണ്ടിക്കാട്ടി. സീരീസിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസിനും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 15-ന് കേസ് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ നടക്കുന്ന ഘട്ടമായതിനാലാണ് ഈ വിഷയത്തിൽ ജാഗ്രത പുലർത്തുന്നതെന്നും കോടതി അറിയിച്ചു.
നിഖില വിമൽ പ്രധാന വേഷത്തിലെത്തുന്ന ഈ സീരീസിൽ, ജോളി ജോസഫിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലിയോണ ലിഷോയ് ആണ്. നേരത്തെ ഇതേ പ്രമേയത്തിൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി വലിയ ചർച്ചയായിരുന്നു. അണലിയുടെ ഔദ്യോഗിക റിലീസ് തീയതി അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കോടതി വിധി വന്നതോടെ സ്ട്രീമിങ് ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
.jpg)


