ഹൈദരാബാദിലെ റിസോർട്ടിൽ ലഹരി പാർട്ടി ; ആറുപേർ പിടിയിൽ
ഹൈദരാബാദ്: നഗരത്തിലെ പ്രശസ്തമായ താരാമതി ബരാദാരി റിസോർട്ടിൽ നടന്ന ലഹരി പാർട്ടിയിൽ റെയ്ഡ്. രഹസ്യ വിവരത്തെത്തുടർന്ന് ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിങും ഗോൽക്കൊണ്ട പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ആറുപേർ പിടിയിലായത്. പിടിയിലായവരിൽ അഞ്ചുപേർ കഞ്ചാവ് ഉപയോഗിച്ചതായും ഒരാൾ രാസലഹരി ഉപയോഗിച്ചതായും പരിശോധനയിൽ തെളിഞ്ഞു.
റിസോർട്ടിൽ മുപ്പത്തിയഞ്ചോളം പേർ പങ്കെടുത്ത പ്രത്യേക പാർട്ടി നടക്കുന്നുണ്ടെന്നും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുമുള്ള രഹസ്യ വിവരമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് ഈഗിൾ ടാസ്‌ക് ഫോഴ്‌സ് ഉൾപ്പെടെയുള്ള അഞ്ചു സംഘങ്ങൾ ഒരേസമയം റിസോർട്ടിൽ പരിശോധനക്കെത്തുകയായിരുന്നു. പാർട്ടിക്കെത്തിയവരെ വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി ഉപയോഗം സ്ഥിരീകരിച്ചത്.
പിടിയിലായ സർവാർ, നിഹാർ, ആഷി, യോഗേശ്വർ, അഭിനവ് എന്നിവർ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. പാർട്ടിക്കെത്തിയവർക്ക് സംഗീതം നൽകിയ ഡി.ജെ ജെയ്‌സൺ എന്നയാളിനെ പരിശോധിച്ചപ്പോൾ ഇയാൾ ആംഫെറ്റമിൻ എന്ന രാസലഹരി ഉപയോഗിച്ചതായും വ്യക്തമായി. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയത് ആരാണെന്ന കാര്യത്തിൽ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
.jpg)


