ആലപ്പുഴയിൽ ഉത്സവത്തിനിടെ കത്തിക്കുത്തും സംഘർഷവും : ഒളിവിൽപോയ പ്രതികൾ പിടിയിൽ

ഹരിപ്പാട്: ഉത്സവത്തിനിടെ സംഘർഷവും കത്തിക്കുത്തും നടത്തി ഒളിവിൽപോയ പ്രതികൾ പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതികളായ അഞ്ചംഗ സംഘത്തെയാണ് കരീലകുളങ്ങര പൊലീസ് പിടികൂടിയത്. ചേപ്പാട് കന്നിമേൽ വയൽവാരത്തിൽ അമൽ ചന്തു (പ്രാവ് -27), ചിങ്ങോലി അയ്യങ്കാട്ടിൽ അഭിജിത് (കണ്ണൻ -20), ചിങ്ങോലി അമ്പാടിയിൽ ഇരട്ട സഹോദരങ്ങളായ അമ്പാടി (21), സഹോദരൻ അച്ചുരാജ് (21), ചിങ്ങോലി തുണ്ടിൽ അനൂപ് (പുലി 26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി ചിങ്ങോലി പ്രഭാഭവനത്തിൽ രാജേഷിനെ (26) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ചേപ്പാട് കന്നിമേൽ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ചക്കിടെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ചേപ്പാട് ശ്രീവിലാസം വീട്ടിൽ വിഷ്ണു (22), മാവേലിക്കര കോസായി പറമ്പിൽ അശോകൻ (53) എന്നിവർക്കാണ് കുത്തേറ്റത്. വിഷ്ണുവിന്റെ പിതാവ് രാതേശൻ കെട്ടുകാഴ്ചയുടെ കമ്മിറ്റി അംഗമാണ്. ഉത്സവത്തിനിടെ രാതേശനും പ്രതികളുമായി വാക്കുതർക്കം ഉണ്ടാവുകയും ഇതുകണ്ട വിഷ്ണു ഇടപെടുകയുമായിരുന്നു.
തുടർന്നുണ്ടായ സംഘർഷത്തിൽ വിഷ്ണുവിന് കുത്തേൽക്കുകയായിരുന്നു. രാതേശന്റെ സുഹൃത്തായ അശോകന് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് കുത്തേറ്റത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികൾ ആദ്യം ആലുവയിലും പിന്നീട് ബംഗളൂരു-തമിഴ്നാട് അതിർത്തി പ്രദേശമായ ഹുസൂർ സിപ്കോട്ട് എന്ന സ്ഥലത്ത് ഫോണുകൾ സ്വിച്ച്ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെയും കായംകുളം ഡിവൈ.എസ്.പി അജയനാഥന്റെയും നിർദദോനുസരണം കനകക്കുന്ന് എസ്.എച്ച്.ഒ ജയകുമാറിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനുമോൻ, പൊലീസ് ഉദ്യോഗസ്ഥരായ ശ്യാംകുമാർ, മണിക്കുട്ടൻ, പ്രസാദ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.