ആഗ്രയിൽ അച്ഛൻ മകളെ നദിയിൽ മുക്കിക്കൊന്നു

crime

 സുഹൃത്തിൽ നിന്ന് ഗർഭിണിയായ അവിവാഹിതയായ മകളെ നാണക്കേട് ഭയന്ന് അച്ഛൻ നദിയിൽ മുക്കിക്കൊന്നു. ഉത്തർ പ്രദേശിലെ ആഗ്രയിൽ ജൂലൈ 31നാണ് ഈ സംഭവം നടക്കുന്നത്. ഡൽഹിയിലെ തിഗ്രിയിലുള്ള ബസൗനി ഗ്രാമവാസിയായ 18കാരിയാണ് കൊല്ലപ്പെട്ടത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നുമാണ് പെൺകുട്ടി ഗർഭിണിയായത്.

ചികിത്സയ്ക്കായി കൊണ്ടുപോകുന്നുവെന്ന് വിശ്വസിപ്പിച്ചാണ് 52കാരനായ അച്ഛനും ബന്ധുവും ചേർന്ന് പെൺകുട്ടിയെ ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ആഗ്രയിലെ ബന്ധുവിന്റെ വീട്ടിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം ചമ്പൽ നദിക്കരയിലെത്തിച്ച ഇവർ, വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ മകളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മകൾ ഇതിന് വഴങ്ങാതെ വന്നതോടെ അച്ഛനും ബന്ധുവും ചേർന്ന് അവളെ നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു.

കുറ്റകൃത്യത്തിന് ശേഷം ഡൽഹിയിലെ വീട്ടിൽ തിരിച്ചെത്തിയ പ്രതി, മകൾ ആഗ്രയിൽ വെച്ച് അസുഖം ബാധിച്ച് മരിച്ചുവെന്നും അവിടെവെച്ചുതന്നെ സംസ്കാര ചടങ്ങുകൾ നടത്തിയെന്നും അയൽവാസികളെ നുണപറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ അയൽവാസികളിൽ ചിലർക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിനിടെ വെള്ളത്തിൽ മരിച്ച നിലയിലുള്ള മകളുടെ മൃതദേഹത്തിന്റെ കാലിൽ പിടിച്ച് പ്രതി മാപ്പ് യാചിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. അവിവാഹിതയായ മകൾ ഗർഭിണിയായാൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനം തങ്ങൾക്ക് താങ്ങാൻ കഴിയുമായിരുന്നില്ലെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി പൊലീസിനോട് വിശദമാക്കിയത്. സംഭവത്തിൽ പ്രതികളായ അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നദിയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.

Tags