നടിയെ ആക്രമിച്ച കേസ് ; പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

Pulsar Suni

 നടിയെ ആക്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി പൾസർ സുനിയുടെ അപ്പീലിൽ അന്തിമ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും, വിചാരണ കോടതി പ്രതി കുറ്റക്കാരനാണെന്ന് കൃത്യമായി കണ്ടെത്തിയതാണെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ മരവിപ്പിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്ന് നടിയുടെ അഭിഭാഷകനും, പ്രതിയുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ശക്തമായി വാദിച്ചു. പ്രതിയുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പൾസർ സുനി ഒരു സ്ഥിരം കുറ്റവാളിയാണെന്നും, സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ വീണ്ടും മറ്റൊരു കേസിൽ പ്രതിയായ കൊടും ക്രിമിനലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതിയുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന സർക്കാരിന്റെ അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് പ്രതിക്ക് യാതൊരുവിധ ഇളവും നൽകാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജി നിരസിച്ചത്.

Tags