പുലര്‍ച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ ആക്രമിച്ച് ബോധം കെടുത്തി മൂന്ന് പവന്റെ സ്വര്‍ണ്ണവളകള്‍ കവര്‍ന്ന കേസ് : പ്രതി പിടിയിൽ

Case of assaulting an elderly woman walking to church in the early morning, knocking her unconscious and stealing three gold bangles: Accused arrested

തൃശൂര്‍: പുലര്‍ച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ വഴിയില്‍ ഒളിഞ്ഞുനിന്ന് ആക്രമിച്ച് ബോധം കെടുത്തിയ ശേഷം മൂന്ന് പവന്‍ സ്വര്‍ണ്ണവളകള്‍ കവര്‍ന്ന കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശ്ശേരി തിരുവങ്കാട് '-ഗീതം നിവാസില്‍' റോഷന്‍ ആണ് പോലീസിന്റെ പ്രത്യേക അന്വേഷണത്തില്‍ പിടിയിലായത്. കണ്ണൂരിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ അപ്രൂവല്‍ ഓഫീസറായി ജോലി ചെയ്യുന്ന ഇയാള്‍, തന്റെ ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തരമൊരു ആസൂത്രിത കവര്‍ച്ച നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തൃശ്ശൂര്‍ പോട്ട വാഴകുന്നില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാള്‍. കഴിഞ്ഞ മെയ് 30ന് പുലര്‍ച്ചെയായിരുന്നു സംഭവം .

 വാഴക്കുന്ന് സ്വദേശിയായ വയോധിക വീട്ടില്‍ നിന്നും പോട്ട ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയിലേക്ക് ഉറുമ്പന്‍കുന്ന്   എഡ്ഢി കറണ്ട് റോഡിലൂടെ നടന്നുപോവുകയായിരുന്നു. ഇവര്‍ വാഴക്കുന്ന് എത്തുന്നതിന് തൊട്ടുമുമ്പുള്ള വിജനമായ സ്ഥലത്ത് വെച്ച്, കൈകളില്‍ ഗ്ലൗസ് ധരിച്ച് ഒളിഞ്ഞിരുന്ന റോഷന്‍ വയോധികയെ പിന്നിലൂടെ ആക്രമിച്ച് മുഖം പൊത്തിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഇവരെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി. 

അവിടെവെച്ച് വയോധികയുടെ മുഖത്തടിച്ച് പൂര്‍ണ്ണമായും അബോധാവസ്ഥയിലാക്കിയ ശേഷമാണ് കൈയിലുണ്ടായിരുന്ന ഒരു പവന്‍ വീതമുള്ള മൂന്ന് സ്വര്‍ണ്ണവളകള്‍ ഇയാള്‍ കവര്‍ന്നത്. വയോധികയ്ക്ക് ബോധം തെളിഞ്ഞയുടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ശാസ്ത്രീയ തെളിവുകളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവളകള്‍ കണ്ടെത്താനും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പുവരുത്താനും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Tags