കോതമംഗലത്ത് സ്ത്രീയുടെ മൃതദേഹം മാൻഹോളിൽ തള്ളിക്കയറ്റിയ പ്രതി പിടിയിൽ

arrest

കോതമംഗലം: ഊന്നുകല്ലില്‍ സ്ത്രീ കൊല്ലപ്പെട്ട കേസിലെ പ്രതി അടിമാലി മന്നാംകണ്ടം പാലക്കാട്ടേല്‍ രാജേഷ് (39) പിടിയിൽ. നേര്യമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രാജേഷ് സംഭവശേഷം ഒളിവിലായിരുന്നു. ബുധനാഴ്ച വൈകീട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍നിന്നാണ് ഇയാളെ പിടികൂടിയത്. രാത്രി ഒന്‍പതുമണിയോടെ ഊന്നുകല്‍ സ്റ്റേഷനിലെത്തിച്ച രാജേഷിനെ ചോദ്യം ചെയ്യുകയാണ്.

രാജാക്കാട് കള്ളിമാലി സ്വദേശിനി വേങ്ങൂര്‍ ഹരിതനഗറില്‍ താമസിക്കുന്ന കുന്നത്തുതാഴത്ത് പരേതനായ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പള്ളുരുത്തിയിലെ ബന്ധുവീട്ടില്‍ രാജേഷ് എത്തിയതായി വിവരം ലഭിച്ചിരുന്നു. അടിമാലി സ്വദേശിയായ ഒരാള്‍ പ്രതിയെ എറണാകുളത്ത് കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു.

ഊന്നുകല്‍ മൃഗാശുപത്രിപ്പടിക്കു സമീപം അടച്ചിട്ട ഹോട്ടലിനു പിന്നിലെ ആള്‍ത്താമസമില്ലാത്ത വീടിന്റെ അടുക്കളഭാഗത്തുനിന്നാണ് ശാന്തയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടത്തെ മാലിന്യ സംഭരണിയോടു ചേര്‍ന്നുള്ള മാന്‍ഹോളില്‍ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം. 18-നാണ് ശാന്ത കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.

ഇവരുടെ ആഭരണങ്ങളില്‍ കമ്മലും അരഞ്ഞാണവും ഒഴിച്ചുള്ള 12 പവന്‍ നഷ്ടപ്പെട്ടിരുന്നു. കുറുപ്പംപടി സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് മൃതദേഹം കണ്ട വീടും സമീപത്തെ ഹോട്ടലും. മുന്‍പ് ഈ ഹോട്ടലിലെ പാചകക്കാരനായിരുന്ന രാജേഷിന് സ്ഥലം സംബന്ധിച്ച് അറിയാമായിരുന്നു.

18-നാണ് ശാന്തയെ കാണാതായത്. 20-ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു. 23 - നാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. രാജേഷിനൊപ്പം ശാന്ത പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കോതമംഗലത്തെ ഹോട്ടലില്‍ പാചകക്കാരനായി ജോലിചെയ്തിരുന്ന രാജേഷ് പോലീസ് എത്തുംമുന്‍പ് അവിടെനിന്നു മുങ്ങി.

കൊലപ്പെടുത്താനുപയോഗിച്ച ആയുധവും ശാന്ത ധരിച്ചിരുന്ന ചുരിദാറും കണ്ടെത്തിയിട്ടില്ല. ശാന്തയുടെ നഷ്ടപ്പെട്ട 12 പവന്റെ സ്വര്‍ണത്തില്‍ 9 പവന്‍ അടിമാലിയില്‍ ഇതര സംസ്ഥാന ആഭരണപ്പണിക്കാര്‍ക്ക് വിറ്റ് 4 ലക്ഷത്തോളം രൂപയും 3 പവന്റെ മാലയും രാജേഷ് വാങ്ങിയിരുന്നു. അന്‍പതിനായിരം രൂപ വായ്പ വാങ്ങിയ ആള്‍ക്ക് കൊടുക്കുകയും കുറച്ച് തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തതായും കണ്ടെത്തി. രാജാക്കാട്ടെ സ്ഥലംവിറ്റ വകയില്‍ ശാന്തയ്ക്ക് പത്ത് ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതില്‍ നാലുലക്ഷം രൂപ രാജേഷിന് വായ്പ നല്‍കിയതായും പറയുന്നു.
 

Tags