ആലപ്പുഴയിൽ വീട്ടിൽ കയറി മാലയും പണവും മോഷ്ടിച്ച പ്രതി പിടിയിൽ

ചാരുംമൂട്: വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. താമരക്കുളം കീരി വിളയിൽ വീട്ടിൽ അൽത്താഫിനെയാണ് (19) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13ന് രാത്രിയായിരുന്നു സംഭവം. താമരക്കുളം മർഹബ വീട്ടിൽ ഉസ്മാൻ റാവുത്തറുടെ പണവും മാലയുമാണ് കവർന്നത്.
റാവുത്തറുടെ വീടിനോട് ചേർന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേന എത്തിയശേഷമാണ് ബെഡ്റൂമിൽ കടന്ന് പണവും മാലയും അഞ്ച് പാസ്പോർട്ടുകളും അടങ്ങുന്ന പെട്ടിയുമായി ഇയാൾ കടന്നത്. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി ടി.വിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അൽത്താഫാണ് പ്രതിയെന്ന് മനസ്സിലായത്. മുംബൈയിലേക്ക് കടന്ന പ്രതി തിരികെ വരുമ്പോൾ ചെങ്ങന്നൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ ഒളിപ്പിച്ച പെട്ടി താമരക്കുളത്തെ ഒഴിഞ്ഞ വീട്ടിൽനിന്ന് കണ്ടെത്തി.
മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിധീഷ്, ബിന്ദുരാജ് സി.പി.ഒ മാരായ രഞ്ജിത്ത്, വിഷ്ണു രാധാകൃഷ്ണൻ ആചാരി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.