ആലപ്പുഴയിൽ സ്കൂൾ കുട്ടികളെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ

ഹരിപ്പാട്: കുമാരപുരം കെ.കെ.കെ.വി.എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദിക്കുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി കരുവാറ്റ, അനിഴം വീട്ടിൽ സിജുരാജ് (ആട് സിജു) പൊലീസ് പിടിയിലായി. ഒന്നാം പ്രതിയായ ശ്രുതി വിഷ്ണുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികൾ വീട്ടിലേക്ക് പോകുമ്പോൾ സ്കൂട്ടറിൽ വന്ന പ്രതികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നതുകണ്ട് അതുവഴി വന്നവർ വാഹനം നിർത്തിയതോടെ പ്രതികൾ പിന്തിരിയുകയുമായിരുന്നു. സി.സി ടി.വിയും മറ്റും പരിശോധിച്ചാണ് ഹരിപ്പാട് പൊലീസ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ ശ്രീകുമാർ, ഷൈജ, എ.എസ്.ഐ സുജിത്, എസ്.സി.പി.ഒമാരായ മഞ്ജു, ചിത്തിര, സി.പി.ഒമാരായ നിഷാദ്, സോനു ജിത്തു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.