ആലപ്പുഴയിൽ വധശ്രമ കേസിലെ പ്രതി ടെമ്പർ വിനു പിടിയിൽ

ആലപ്പുഴ: വധശ്രമ കേസിലെ പ്രതി ആലപ്പുഴ ആര്യാട് വാത്തികാട് ടെമ്പർ വിനു എന്ന വിനു പിടിയിൽ. ചൊവ്വാഴ്ച ആലപ്പുഴ എ.കെ.ജി ജങ്ഷനിൽ വെച്ച് ആര്യാട് 10ാംവാർഡിൽ പൊക്കലയിൽ അപ്പുവിനെ വെട്ടി പരിക്ക് ഏൽപ്പിച്ച കേസിലാണ് അറസ്റ്റ്.
രക്ഷപ്പെടുന്നതിന് മുമ്പ് വീട്ടിലെത്തിയ ഇയാളെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. പൊലീസ് വീട്ടിലെത്തിയത് മനസ്സിലാക്കിയ പ്രതി വീട്ടിലെ പട്ടികളെ തുറന്നുവിട്ടു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കടത്ത് അടക്കം നിരവധി കേസിൽ പ്രതിയാണ് വിനു.
നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം.കെ. രാജേഷ്, എസ്.ഐമാരായ സ്റ്റാൻലി, സാനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, റോബിൻസൺ, അഭിലാഷ്, ദബിൻഷ, സിവിൽ പൊലീസ് ഓഫിസർ വിനുകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.