പെരുമ്പാവൂരിൽ ലക്ഷങ്ങള്‍ വിലയുള്ള ഹെറോയിനുമായി അസം സ്വദേശി പിടിയില്‍

പെരുമ്പാവൂര്‍: വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഹെറോയിന്‍ പിടികൂടി. അസം സ്വദേശി ബുള്‍ബുള്‍ ഹുസൈനാണ് (22) പിടിയിലായത്.
എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്ന് 81 പ്ലാസ്റ്റിക് ഡപ്പകളിലടക്കം ചെയ്ത 10ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഒരു ഡപ്പക്ക് 2000 രൂപ വീതം വിലയിട്ട് ആവശ്യക്കാര്‍ക്ക് വില്പന നടത്തിവന്നിരുന്ന ഇയാള്‍ ഇതിനുമുമ്പും സമാന രീതിയില്‍ ലഹരി ഉൽപന്നങ്ങളുടെ കച്ചവടം നടത്തിയതായി എക്സൈസ് അറിയിച്ചു.
അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് അസമില്‍നിന്ന് വന്‍തോതില്‍ ലഹരിമരുന്ന് എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് എക്സൈസിന് ലഭിച്ച വിവരം.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം. മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ പി.കെ. വിജയന്, വി.എസ്. ഷൈജു, സിവില്‍ എക്സൈസ് ഓഫിസര്‍ വി.എല്‍. ജിമ്മി, സി.വി. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.