ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ

google news
arrested

ഹരിപ്പാട് : ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കുമാരപുരം എനിക്കാവ് ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 4  ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ. എരിക്കാവ് പൂഴിക്കാട്ടിൽ വീട്ടിൽ അജിത് ശങ്കർ, ഊടത്തിൽ കിഴക്കേതിൽ സുകുമാരൻ, കണ്ടലിൽ വീട്ടിൽ രാജപ്പൻ, ധനകാര്യ സ്ഥാപനത്തിന്‍റെ ട്രഷറർ മണിലാലിന്‍റെ ഭാര്യ ദീപ്തി മണിലാൽ എന്നിവരാണ് അറസ്റ്റിൽ ആയത്. ദീപ്തിയുമായി ബന്ധപ്പെട്ട കേസുകൾ  വീയപുരം പൊലീസ് സ്റ്റേഷനിലാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ കസ്റ്റഡിയിൽ എടുത്ത് വീയപുരം പൊലീസിന് കൈമാറി അവിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കി മൂന്ന് പേരെയും തൃക്കുന്നപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ എസ്‌ എച്ച് ഒയുടെ നേതൃത്വത്തിൽ നാല് പേരുടെയും വീടുകളിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

ധനകാര്യ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റെ എം. ചന്ദ്രമോഹൻ, വൈസ് പ്രസിഡന്‍റ് സതീശൻ, സെക്രട്ടറി ടി. പി പ്രസാദ്, ട്രഷറർ മണിലാൽ എന്നിവർ ഒളിവിലാണ്. 47 പരാതികളിലാണ് തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തിരിക്കുന്നത്.  എന്നാൽ നിക്ഷേപകരുടെ എണ്ണൂറിൽപ്പരം പരാതികളാണ് കാർത്തികപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതിൽ ആദ്യം ലഭിച്ച 300 പരാതികളിൽ ശനിയാഴ്ച്ച ഹരിപ്പാട് കോടതിയിൽ അദാലത്ത് നടന്നു. ആറ് മാസത്തിനുള്ളിൽ പരിഹാരം കാണാമെന്നാണ് ധനകാര്യ സ്ഥാപന ഉടമസ്ഥർക്ക് വേണ്ടി അദാലത്തിൽ ഹാജരായ അഭിഭാഷകർ പറഞ്ഞത്. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു

Tags