പശ്ചിമേഷ്യൻ സംഘർഷം ; ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നു, വിമാന യാത്രക്ക് ഇനി ചെലവേറും
പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്ന് വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വിലയിൽ വൻ വർധനവുണ്ടായ പശ്ചാത്തലത്തിൽ ഇനി
വിമാന യാത്രക്ക് ചെലവേറും. ഇന്ധനത്തിന്റെ വില വർധനവുകാരണം ഇന്ധന സർചാർജ് ചുമത്താൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും തീരുമാനിച്ചതോടെയാണിത്. നാളെ മുതൽ ബുക്ക് ചെയ്യുന്ന വിമാനയാത്രകൾക്കാണ് കൂടിയ നിരക്ക് ഈടാക്കുക.
ആഭ്യന്തര സർവീസുകളിലെ ടിക്കറ്റുകൾക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾക്കും ഇതേ നിരക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകൾക്ക് 10 ഡോളർ അധിക ചാർജ് ഈടാക്കും. യൂറോപ്പ്, നോർത്ത് അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് ഈമാസം 18 മുതൽ സർചാർജ് ഈടാക്കിത്തുടങ്ങും. ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് നിരക്ക് പിന്നീട് പ്രഖ്യാപിക്കും.
പശ്ചിമേഷ്യൻ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന ടിക്കറ്റുകൾക്ക് പത്ത് ഡോളർ വരെ ഇന്ധന സർചാർജ് ഏർപ്പെടുത്താനാണ് തീരുമാനം. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുമ്പോൾ അധിക ബാധ്യതയുണ്ടാവാൻ ഇത് ഇടവരുത്തും. എന്നാൽ, നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് സർചാർജ് ഈടാക്കില്ല.
വിമാന ഇന്ധനത്തിന്റെ വില കൂടുന്നത് പ്രവർത്തന ചെലവിനെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിമാനക്കമ്പനി അധികൃതരുടെ വിശദീകരണം. ആകെ ചെലവിന്റെ 40 ശതമാനം വരെ ഇന്ധനത്തിനാണ് മുടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ധനത്തിന് വില വർധനയുണ്ടാകുമ്പോൾ സർചാർജ് കൂട്ടുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് കമ്പനികളുടെ വാദം. മാർച്ച് തുടക്കം മുതൽ ഇന്ധന വിലയിൽ കാര്യമായ വർധനയുണ്ടായതായാണ് പറയുന്നത്. എയർ ഇന്ത്യയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും ഇന്ധനസർചാർജ് പ്രഖ്യാപിച്ചേക്കും.
.jpg)


