ടെസ്‌ല കാർ വിൽപനയിൽ ഇടിവ്


വാഷിംങ്ടൺ: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 13ശതമാനം ഇടിഞ്ഞ് ടെസ്‌ല കാർ വിൽപന. ടെസ്‍ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. സി.ഇ.ഒ ഇലോൺ മസ്‌കിനെതിരെ ഉയർന്നുവരുന്ന പ്രതിഷേധവും വിപണിയിലെ വളരുന്ന മത്സരവും കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആവശ്യകതയിൽ വലിയ താഴ്ചയുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച, ഈ പാദത്തിൽ 3,36,681 കാറുകൾ വിതരണം ചെയ്തുവെന്നും കഴിഞ്ഞ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 50,000 വാഹനങ്ങൾ കുറവാണെന്നും ടെസ്‌ല റിപ്പോർട്ട് ചെയ്തു. മൂന്ന് വർഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും മോശം വിൽപനയായിരുന്നു ഇത്.
യു.എസ് സർക്കാറിന്റെ കാര്യക്ഷമതാ വകുപ്പിന്റെ തലവൻ എന്ന നിലയിൽ മസ്‌കിന്റെ നടപടികളെയും ഡോണാൾഡ് ട്രംപിന്റെ ഭരണത്തിന്റെ നയങ്ങളെയും എതിർത്തവരിൽ നിന്ന് ടെസ്‌ല ഷോറൂമുകൾക്ക് പുറത്ത് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ടെസ്‌ല സൗകര്യങ്ങളും കാറുകളും നശിപ്പിച്ച സംഭവങ്ങൾ അരങ്ങേറി. ഈ സംഭവങ്ങളെല്ലാം ടെസ്‌ല വാങ്ങാൻ ആഗ്രഹിക്കുന്നവരെ അതിൽനിന്ന് നിരുത്സാഹപ്പെടുത്തിയിരിക്കാമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
