ടാറ്റ മോട്ടോഴ്സും ഇറ്റലിയിലെ ഇവെക്കോയും കൈകോർത്തു; ആഗോള വാണിജ്യ വാഹനരംഗത്ത് പുതിയ വമ്പൻ കമ്പനി
ടാറ്റ മോട്ടോഴ്സും ഇറ്റലിയിലെ ഇവെക്കോ ഗ്രൂപ്പും സംയുക്ത ആഗോള വാണിജ്യ വാഹന സംരംഭമായി പ്രവർത്തനം ആരംഭിച്ചു. ആറ് ടണ്ണിന് മുകളിലുള്ള വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ ലോകത്തെ നാലാമത്തെ വലിയ നിർമ്മാതാവായി പുതിയ സംരംഭം മാറിയതായി കമ്പനികൾ അറിയിച്ചു.
130-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഈ സംരംഭത്തിന് ഏകദേശം 21 ബില്യൺ യൂറോ വരുമാനവും വർഷം 5.9 ലക്ഷം വാഹനങ്ങളുടെ വിൽപ്പനശേഷിയുമുണ്ടാകുമെന്നാണ് കണക്ക്. ആറു ഭൂഖണ്ഡങ്ങളിലായി 73,000-ത്തിലധികം ജീവനക്കാരും 27 നിർമ്മാണ കേന്ദ്രങ്ങളും 25 ഗവേഷണ-വികസന കേന്ദ്രങ്ങളും സംരംഭത്തിന്റെ ഭാഗമാകും.
ടാറ്റ മോട്ടോഴ്സ് ഇവെക്കോ ഗ്രൂപ്പിൽ 89.42 ശതമാനം ഓഹരി ഏകദേശം 3.43 ബില്യൺ യൂറോയ്ക്ക് ഏറ്റെടുത്തതായാണ് റിപ്പോർട്ട്. ഇന്ത്യയിലെയും വളർന്നുവരുന്ന വിപണികളിലെയും ടാറ്റയുടെ സാന്നിധ്യവും യൂറോപ്പിലെയും ലാറ്റിൻ അമേരിക്കയിലെയും ഇവെക്കോയുടെ ശക്തിയും ഒന്നിക്കുന്നതാണ് പുതിയ നീക്കത്തിന്റെ പ്രധാന നേട്ടം. വൈദ്യുത വാഹനങ്ങൾ, ഹൈഡ്രജൻ, പ്രകൃതിവാതകം തുടങ്ങിയ സാങ്കേതികവിദ്യകളിലും സംയുക്തമായി മുന്നേറാനാണ് കമ്പനികളുടെ ലക്ഷ്യം.
.jpg)

