ഓഹരി വിപണിയിൽ തകർച്ച

Stock market

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതത്വം കാരണം ഇന്ത്യൻ ഓഹരി വിപണി ഇന്ന് വലിയ തകർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 665 പോയിന്റ് ഇടിഞ്ഞ് 77,851 എന്ന നിലവാരത്തിലും, നിഫ്റ്റി 211 പോയിന്റ് താഴ്ന്ന് 24,178 ലുമാണ് വ്യാപാരം നടത്തുന്നത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾ പിടിച്ചെടുത്തെന്ന വാർത്തകളെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർദ്ധിച്ചതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. പ്രധാന സൂചികകൾക്കൊപ്പം മിഡ്‌ക്യാപ്പ്, സ്മോൾക്യാപ്പ് വിഭാഗങ്ങളിലും നേരിയ ഇടിവ് ദൃശ്യമാണ്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണ്. നിലവിൽ ബാരലിന് 102.05 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇറാൻ-അമേരിക്ക ചർച്ചകളിലെ അവ്യക്തതയും ഉപരോധങ്ങളും ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമെന്നോണം ബാങ്കിംഗ്, ഓട്ടോമൊബൈൽ, ഫിനാൻഷ്യൽ സർവീസ് മേഖലകളിലെ ഓഹരികൾ വലിയ തിരിച്ചടി നേരിട്ടു. എന്നാൽ പ്രതിസന്ധിക്കിടയിലും ഫാർമ മേഖലയിലെ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ സൂചികകളായ എസ് & പി 500, നാസ്ഡാക് എന്നിവ റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഏഷ്യൻ വിപണികളിൽ വലിയ അസ്ഥിരതയാണ് പ്രകടമാകുന്നത്. ജപ്പാനിലെ നിക്കി സൂചിക ഇടിവ് രേഖപ്പെടുത്തിയപ്പോൾ ദക്ഷിണ കൊറിയൻ വിപണിയായ കോസ്പി നേട്ടമുണ്ടാക്കി. അതേസമയം, ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ വിപണിയുടെ ഗതി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

Tags