ഗൃഹശോഭ മൂന്നാം ഘട്ടത്തിൻ കീഴിൽ 120 വീടുകൾ നിർമ്മിച്ചു നൽകി ശോഭ ഗ്രൂപ്പ്
പാലക്കാട്: സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങൾക്കായി ശോഭ ഗ്രൂപ്പ് നടപ്പാക്കുന്ന കമ്മ്യൂണിറ്റി ഭവന പദ്ധതിയായ ഗൃഹ ശോഭയുടെ മൂന്നാം ഘട്ടത്തിന് കീഴിൽ 120 വീടുകൾ വിതരണം ചെയ്തു.മൂലംകോട് ശ്രീ കുറുംബ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് വീടുകൾ ഔപചാരികമായി സമർപ്പിച്ചത്. ശോഭ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ ജഗദീഷ് നങ്കിനേനി, ശോഭ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ശ്രീ നിശാന്ത് എം എൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇതോടെ, ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി ആകെ 230 വീടുകൾ ഇതിനകം കൈമാറിയാതായി ശോഭ ഗ്രൂപ്പ് അറിയിച്ചു.
2030 ആകുമ്പോഴേക്കും, സാമ്പത്തികമായി ദുർബലരായ, സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾക്ക് 1,000 വീടുകൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് 2022-ൽ ആരംഭിച്ച ഗൃഹ ശോഭ. മൂന്നാം ഘട്ടത്തോടെ, ഈ പദ്ധതിയുടെ കീഴിൽ വിതരണം ചെയ്യുന്ന ആകെ വീടുകളുടെ എണ്ണം 350 ആയി ഉയരും. ഓരോ വീടും 700 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 2 ബെഡ് റൂം യൂണിറ്റാണ. ഈട്. സുരക്ഷ, ദീർഘകാല ഉപയോഗക്ഷമത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യം ഭൂരഹിത ഗുണഭോക്താക്കൾക്കായി, ഭൂമി കണ്ടെത്തുകയും സ്ത്രീയുടെ പേരിൽ അത് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. ഇത് അവരുടെ ഉടമസ്ഥാവകാശവും ദീർഘകാല സുരക്ഷയും ഉറപ്പാക്കുന്നു.
ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം സമൂഹത്തിന്റെ ക്ഷേമത്തിനായി നമ്മുടെ സമ്പത്തും വരുമാനവും മറ്റുള്ളവരുമായി പങ്കിടുക എന്നതാണെന്നും ശോഭ ഗ്രൂപ്പിന്റെയും ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിൾ ട്രസ്റ്റിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഒരു മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. പങ്കിടൽ എല്ലായ്‌പ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, ഇന്ന് അത് വ്യാപകമായി നടക്കുന്നില്ലെങ്കിലും, നാം സൃഷ്ടിക്കുന്ന സമ്പത്തിൽ സമൂഹത്തിന് ശരിയായ പങ്കുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു.120 വീടുകൾ കൈമാറുക എന്നതു മാത്രമല്ല, സമ്പത്തിന്റെ പകുതിയും സമൂഹത്തിന്റെ ക്ഷേമത്തിനായി സമർപ്പിച്ച ശ്രീ പി.എൻ.സി. മേനോന്റെയും കുടുംബത്തിന്റെയും സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തോതിൽ വീടുകൾ നിർമ്മിക്കുക എന്നത് മാത്രമല്ല ഞങ്ങളുടെ ശ്രദ്ധ, മറിച്ച് ഉടമസ്ഥാവകാശം, ഗുണനിലവാരം, സ്ഥിരത എന്നിവയോടെ അവ ശരിയായ രീതിയിൽ നിർമ്മിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്. ഓരോ വീടും ശോഭ നിർമ്മിക്കുന്ന ഭവനങ്ങളുടെ ഗുണനിലവാരത്തെ നിർവചിക്കുന്ന അതേ ഈടും രൂപകൽപ്പനയും ഉറപ്പാക്കുന്നു എന്ന കാര്യത്തിൽ ഞങ്ങൾ ശക്തമായ ഊന്നൽ നൽകുന്നതായി ശാഭ ഗ്രൂപ്പിന്റെ സ്ഥാപകൻ ശ്രീ. പി.എൻ.സി. മേനോൻ പറഞ്ഞു. അതോടൊപ്പം തന്നെ ഇതിന്റെ ഉടമസ്ഥാവകാശം സ്ത്രീകളുടെ കൈകളിൽ ഏല്പിക്കുകയും ചെയ്യുന്നുവെന്നത് കുടുംബത്തിന് ദീർഘകാല സുരക്ഷ നൽകുന്നു. ഞങ്ങൾ നൽകുന്ന ഓരോ വീടും സ്ഥിരത, അന്തസ്സ്, കുടുംബങ്ങൾക്ക് ആത്മവിശ്വാസത്തോടെ അവരുടെ ഭാവി കെട്ടിപ്പടുക്കുന്നതിനാവശ്യമായ ശക്തമായ അടിത്തറ എന്നിവ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം,'' അദ്ദേഹം പറഞ്ഞു.
ശോഭ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമായ ശ്രീ കുറുംബ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ വീടുകൾ നിർമ്മിച്ചിരിക്കുന്നത്.
ഭവന നിർമ്മാണ പദ്ധതിയോടൊപ്പം, ട്രസ്റ്റ് പുതുതായി നിർമ്മിച്ച ഒരു അങ്കണവാടി കെട്ടിടവും ഈ ചടങ്ങിൽ വെച്ച് പഞ്ചായത്തിന് കൈമാറി. അതുപോലെതന്നെ, ഇടുകാവ് കുളത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കുകയും ശോഭ ആരോഗ്യ സ്പർശം ഡയാലിസിസ് സഹായ പരിപാടി ആരംഭിയ്ക്കുകയും അതിന്റെ പുതിയ ലോഗോ അനാച്ഛാദനം ചെയ്യുകയും ചെയ്തു.
.jpg)


