കൈകോർത്ത് റിലയൻസ് ജിയോയും മസ്‌ക്കും; ഇന്റർനെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടും

Reliance Jio
Reliance Jio

 കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ശതകോടീശ്വര സംരംഭകൻ ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് ജിയോ എത്തിക്കും.സ്റ്റാർലിങ്ക് സേവനങ്ങൾ ജിയോയുടെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാക്കുന്നത് പുതിയ പങ്കാളിത്തത്തിന്റെ ഭാഗമാണ്.

 ഡാറ്റാ ട്രാഫിക്കിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ എന്ന നിലയിൽ ജിയോയുടെ സ്ഥാനവും ലോകത്തിലെ മുൻനിര ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് കോൺസ്റ്റലേഷൻ ഓപ്പറേറ്റർ എന്ന നിലയിൽ സ്റ്റാർലിങ്കിന്റെ സ്ഥാനവും പുതിയ കരാറിലൂടെ ഇരുകമ്പനികളും പരമാവധി പ്രയോജനപ്പെടുത്തും. ഇന്ത്യയിലെ അതിവിദൂര ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിന്  പുതിയ പങ്കാളിത്തം സഹായിക്കും. ജിയോ തങ്ങളുടെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ സ്റ്റാർലിങ്ക് ഉപകരണങ്ങൾ ലഭ്യമാക്കുക മാത്രമല്ല ചെയ്യുക, ഉപഭോക്തൃ സേവനങ്ങളും ഇൻസ്റ്റലേഷനുമെല്ലാം പിന്തുണയ്ക്കുന്ന സംവിധാനം സജ്ജമാക്കും.

 എവിടെ ജീവിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരനും താങ്ങാവുന്ന നിരക്കിൽ അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കുകയാണ് ജിയോയുടെ മുഖ്യ അജണ്ട--റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു. എല്ലാവർക്കും തടസമില്ലാത്ത ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ലഭ്യമാക്കുകയെന്ന തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് പദ്ധതി ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനുള്ള ഈ പ്ങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളെയും ബിസിനസുകളെയുമെല്ലാം ശക്തിപ്പെടുത്തുന്നതിന് ഈ കണക്റ്റിവിറ്റി വിപ്ലവം സഹായിക്കും.

 ഇന്ത്യയുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിൽ ജിയോയുടെ പ്രതിബദ്ധതയെ ഞങ്ങൾ അഭിനന്ദിക്കുന്നു--സ്‌പേസ് എക്‌സ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വയിൻ ഷോട്ട് വെൽ പറഞ്ഞു.

 സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ ആളുകൾക്കും സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും ലഭ്യമാക്കുന്നതിനായി ജിയോയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഇന്ത്യൻ സർക്കാരിൽ നിന്ന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ--അദ്ദേഹം പറഞ്ഞു.
 

Tags