കേരള വിഷു ബമ്പർ 2026: അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു

Kerala Vishu Bumper Lottery 2026 Draw Saturday: Record Sales

കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റിൽ റെക്കോഡ് വില്പന . അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു. അതും നറുക്കെടുപ്പിന് രണ്ടുദിവസം മുൻപേ. ശനിയാഴ്ചയാണ് നറുക്കെടുപ്പ്.

സാധാരണഗതിയിൽ നറുക്കെടുപ്പ് ദിവസത്തിന് തലേന്നാൾ കൂടി ലോട്ടറി കാര്യാലയങ്ങളിൽനിന്ന് ഏജന്റുമാർക്ക് ടിക്കറ്റ് കിട്ടും. ഇക്കുറി രണ്ടുദിവസം മുൻപ്, വ്യാഴാഴ്ചതന്നെ മുഴുവൻ ബമ്പർ ടിക്കറ്റകളും തീർന്നു. അവസാന രണ്ടുദിവസത്തിൽ അഞ്ചോ ആറോ ലക്ഷം ടിക്കറ്റുകൾ വിറ്റുപോകാറുണ്ട്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

കാര്യാലയങ്ങളിൽനിന്ന്‌ കിട്ടാനില്ലാത്തതുകൊണ്ട് മൊത്തവിതരണ കേന്ദ്രങ്ങളിലും ടിക്കറ്റിന് ക്ഷാമമായി. ചെറുകിട കച്ചവടക്കാർക്ക് ആവശ്യമായതിൽ കൂടുതൽ ടിക്കറ്റുകൾ നൽകിയിരുന്ന പതിവുകാലത്തിൽനിന്ന്‌ വ്യത്യസ്തമായി ബമ്പർ ടിക്കറ്റ് നറുക്കെടുപ്പിന്റെ തലേദിവസം മൊത്തവിതരണ കേന്ദ്രങ്ങളിൽനിന്ന്‌ റേഷൻപോലെയായിരുന്നു വിതരണം.

കഴിഞ്ഞവർഷവും 45 ലക്ഷം ടിക്കറ്റുകൾതന്നെയാണ് അച്ചടിച്ചിരുന്നത്. എന്നാൽ, 42.87 ലക്ഷം ടിക്കറ്റുകൾ മാത്രമേ വിറ്റിരുന്നുള്ളൂ. രണ്ടുമാസം മുൻപ് നറുക്കെടുത്ത സമ്മർ ബമ്പർ ടിക്കറ്റിലും ഗണ്യമായ വില്പനയുണ്ടായിരുന്നു. ആകെ അച്ചടിച്ച 43 ലക്ഷം ടിക്കറ്റുകളിൽ 41,73,410 ടിക്കറ്റുകളും വിറ്റുപോയിരുന്നു. ഈ ടിക്കറ്റ് തൊട്ടുമുൻപത്തെ വർഷം 36 ലക്ഷമാണ് ചെലവായിരുന്നത്.

Tags