വിപ്ലവകരമായ മാറ്റങ്ങളുമായി ഓപ്പൺഎഐ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളുമായി ഓപ്പൺഎഐ. ചാറ്റ്ജിപിറ്റിയുമായുള്ള വോയിസ് സംഭാഷണങ്ങൾ കൂടുതൽ സ്വാഭാവികമാക്കാൻ രൂപകൽപ്പന ചെയ്ത ‘GPT-Live’ എന്ന പുതിയ തലമുറ വോയിസ് എഐ മോഡൽ കമ്പനി ആഗോളതലത്തിൽ പുറത്തിറക്കി. നാം സംസാരിച്ചു നിർത്തിയ ശേഷം മാത്രം എഐ മറുപടി പറയുന്ന പഴയ രീതിക്ക് പകരമായാണ് ഈ പുത്തൻ സംവിധാനം.
ഇനി മുതൽ ഒരേ സമയം കേൾക്കാനും സംസാരിക്കാനും ജിപിടി-ലൈവിന് സാധിക്കും. ഉപയോക്താവ് സംസാരിക്കുന്നതിനിടയിൽ സംശയങ്ങൾ ചോദിക്കാനും, എഐ സംസാരിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തി ചോദ്യങ്ങൾ ഉന്നയിക്കാനും ഇതിലൂടെ സാധിക്കും. iOS, Android ആപ്പുകളിലും ChatGPT.com വെബ്‌സൈറ്റിലും ജിപിടി-ലൈവ് വോയിസ് മോഡ് ഇപ്പോൾ ലഭ്യമാണ്. ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്‌ഷൻ അനുസരിച്ച് രണ്ട് വേരിയന്റുകളിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. ചാറ്റ്ജിപിറ്റി പ്ലസ്, പ്രോ, ഗോ തുടങ്ങിയ പെയ്ഡ് ഉപയോക്താക്കൾക്ക് പ്രീമിയം GPT-Live-1 ഡിഫോൾട്ട് മോഡ് ലഭിക്കും. ചാറ്റ്ജിപിറ്റിയുടെ സൗജന്യ ഉപയോക്താക്കൾക്കായി GPT-Live-1 mini ലൈറ്റ് വേർഷൻ ഡിഫോൾട്ടായി ലഭ്യമാകും.
ഒരേസമയം കേൾക്കാനും സംസാരിക്കാനും എഐക്ക് കഴിവ് നൽകുന്ന സാങ്കേതികവിദ്യയാണിത്. നമ്മൾ സംസാരിക്കുമ്പോൾ ‘ഉം…’, ‘അതെ…’ എന്നിങ്ങനെ സ്വാഭാവികമായി എഐ പ്രതികരിക്കും. ഉപയോക്താവ് ചിന്തിക്കാൻ സമയം എടുക്കുമ്പോൾ സംഭാഷണം താൽക്കാലികമായി നിർത്തിവെക്കാനും ഇതിനറിയാം. കാലാവസ്ഥ, ഓഹരി വിപണി, കായികം തുടങ്ങിയ സങ്കീർണ്ണമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ജിപിടിയുടെ ഏറ്റവും പുതിയ ഫ്രോണ്ടിയർ മോഡലായ GPT-5.5 ഉപയോഗിച്ച് സെർച്ച് നടത്തുകയും, ആ സമയം നമ്മളോട് സംസാരിച്ചുകൊണ്ട് തന്നെ വിവരങ്ങൾ സ്ക്രീനിൽ വിഷ്വൽ കാർഡുകളായി കാണിക്കുകയും ചെയ്യും.
പശ്ചാത്തലത്തിലുള്ള അനാവശ്യ ശബ്ദങ്ങളെ പൂർണ്ണമായി ഒഴിവാക്കി സംസാരിക്കുന്ന ആളുടെ ശബ്ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. ഉപയോക്താവിന് സംസാരത്തിന്റെ വേഗത കൂട്ടാനോ കുറയ്ക്കാനോ ആവശ്യപ്പെടാം. യഥാർത്ഥ വ്യക്തികളുടെ ശബ്ദങ്ങൾ അനുകരിക്കുന്നത് പൂർണ്ണമായും തടയാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനം ഇതിലുണ്ട്. അപകടകരമായ സംഭാഷണങ്ങൾ തിരിച്ചറിയാനും പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകാനും ഇതിന് സാധിക്കും. കൗമാരക്കാരായ ഉപയോക്താക്കൾക്കായി പ്രത്യേക സുരക്ഷാ കാവലും ഇതിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ നിലവിലെ റിലീസിൽ വീഡിയോയോ സ്ക്രീൻ ഷെയറിംഗോ ഉള്ള വോയിസ് സംഭാഷണങ്ങളെ ജിപിടി-ലൈവ് പിന്തുണയ്ക്കില്ലെന്നും ഓപ്പൺഎഐ വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

