ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു
ന്യൂയോർക്ക് : ആഗോള വിപണിയിൽ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവ്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചതോടെയാണ് വില കുറഞ്ഞത്. ഇതോടെ മേഖലയിൽ വൻയുദ്ധമുണ്ടാകുമെന്ന ആശങ്കക്ക് അല്പം ആശ്വാസമായി.
ഈ ആഴ്ചയുടെ തുടക്കത്തിൽ യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകളെ അമേരിക്ക തടയുമെന്ന റിപ്പോർട്ടുകളും വന്നതോടെ എണ്ണവില നാല് ശതമാനത്തിലധികം വർധിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 112 ഡോളറിലേക്ക് വരെ ഉയർന്ന ശേഷമാണ് ഇപ്പോൾ കുറഞ്ഞത്.
വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 1.61 ശതമാനം ഇടിഞ്ഞ് ബാരലിന് 100.62 ഡോളറിലെത്തി. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് 1.69 ശതമാനം കുറഞ്ഞ് 108.01 ഡോളറിലും മർബൻ ക്രൂഡ് 105.97 ഡോളറിലുമാണ് നിലവിൽ വ്യാപാരം നടത്തുന്നത്.
പ്രകൃതിവാതകം, ഗ്യാസോലിൻ, ഹീറ്റിംഗ് ഓയിൽ എന്നിവയുടെ വിലയിൽ കുറവുണ്ടായപ്പോൾ ഒമാൻ, മെക്സിക്കൻ ക്രൂഡ് വിഭാഗങ്ങൾ വിലക്കയറ്റത്തിലാണ്. വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങൾ വിപണിയെ ഇപ്പോഴും സമ്മർദത്തിലാക്കുന്നുണ്ട്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മാറുമ്പോഴുണ്ടാകുന്ന പെട്ടെന്നുള്ള വിലവ്യതിയാനങ്ങളെ നിക്ഷേപകർ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.
.jpg)

