നാമക്കലിൽ മുട്ടവില ഉയരുന്നു

Egg prices rise in Namakkal


കോയമ്പത്തൂർ: ഏറെ നാളുകൾക്കുശേഷം നാമക്കലിൽ കോഴിമുട്ടവില വർധിക്കുന്നു. മാർച്ച് 27-ന് വില 3.85 രൂപയായിരുന്നത് കഴിഞ്ഞദിവസം 4.55 ആയി. പൊള്ളുന്നചൂടിൽ ഉത്പാദനം കുറഞ്ഞതാണ് വിലകൂടാൻ കാരണമെന്ന് പറയുന്നു. ഏപ്രിൽ ഒന്നിന് കോഴിമുട്ടവില നാലുരൂപ അഞ്ച് പൈസയായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധംമൂലം കയറ്റുമതി നിലച്ചതോടെ മുട്ട കെട്ടിക്കിടക്കാൻ തുടങ്ങിയതാണ് വിലയിടിവിന് കാരണമായത്. 

ഇതോടെ നാമക്കൽമേഖലയിലെ കോഴി കർഷകരും കയറ്റുമതിക്കാരും വലിയനഷ്ടം നേരിട്ടു. ദിവസം ശരാശരി ഏഴുകോടി മുട്ടയാണ് നാമക്കലിൽ ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഒരുകോടിയോളം മുട്ടയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് അയച്ചിരുന്നത്. ഇവയെല്ലാം ആഭ്യന്തരവപിണിയിൽത്തന്നെ വിറ്റഴിക്കേണ്ടി വന്നതാണ് വിലയിടിവിന് കാരണമായത്.

ഏപ്രിൽ എട്ടുവരെ മുട്ടവില മാറ്റമില്ലാതെ തുടർന്നു. പിന്നീട് പതുക്കെ കൂടാൻതുടങ്ങി. ഒൻപതിന് 4.15 രൂപയായി. തൊട്ടടുത്ത ദിവസങ്ങളിൽ അഞ്ചുപൈസവീതം കൂടിയപ്പോൾ ഞായറാഴ്ചത്തെ വില 4.55 ആയി. ഒറ്റദിവസംകൊണ്ട് 25 പൈസയാണ് കൂടിയത്. രാജ്യത്തെ പ്രധാന മുട്ടയുത്പാദന കേന്ദ്രങ്ങളിലെല്ലാം വില കൂടിയിട്ടുണ്ട്. മൈസൂരിൽ മുട്ടയ്ക്ക് 5.20 രൂപയാണ് വില. ഹൈദരാബാദിൽ 4.75 രൂപയും വിജയവാഡയിലും ബെംഗളൂരുവിലും അഞ്ചുരൂപയുമാണ്. വേനൽ കടുക്കുന്നതോടെ ഉത്പാദനം കുറയുന്നത് പതിവാണ്. ഇതോടെ വിലയും കൂടിത്തുടങ്ങും. ഇപ്പോഴത്തെ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി പൂർണമായി നിലച്ചാൽ, അത് നൂറുകണക്കിന് കോഴിക്കർഷകരെ ബാധിക്കും.

Tags