മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസം ; കുറഞ്ഞ കാലാവധി വൗച്ചറുകൾ നിർബന്ധമാക്കി ട്രായ്
മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ ഉത്തരവ്. കുറഞ്ഞ കാലാവധിയുള്ള വോയ്‌സ് കോളുകളും എസ്.എം.എസ്സുകളും മാത്രമടങ്ങുന്ന കുറഞ്ഞ തുകയുടെ പ്രത്യേക റീച്ചാർജ് വൗച്ചറുകൾ പുറത്തിറക്കണമെന്ന് ടെലികോം കമ്പനികൾക്ക് ട്രായ് കർശന നിർദ്ദേശം നൽകി. ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടത്തിൽ വരുത്തിയ പതിമ്മൂന്നാം ഭേദഗതിയിലൂടെയാണ് ഈ നിർണ്ണായക മാറ്റം നടപ്പിലാക്കിയിരിക്കുന്നത്.
പുതിയ ചട്ടപ്രകാരം 30 ദിവസത്തെയോ അതിൽ കുറഞ്ഞ ദിവസങ്ങളിലെയോ കാലാവധിയിൽ വോയ്സ്, എസ്.എം.എസ് സേവനങ്ങൾ മാത്രം നൽകുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ കമ്പനികൾ അവതരിപ്പിക്കേണ്ടതുണ്ട്. കൂടാതെ, ഡാറ്റ പാക്കുകളുമായി ബന്ധിപ്പിക്കാത്ത ദീർഘകാല വൗച്ചറുകളും എല്ലാ മാസവും കൃത്യം ഒരേ തീയതിയിൽ പുതുക്കാൻ സാധിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്കായി ലഭ്യമാക്കണം. ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാരായ വരിക്കാർക്ക് അനാവശ്യ ചെലവുകൾ ഒഴിവാക്കി തങ്ങൾക്ക് അനുയോജ്യമായ പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഇത് സഹായകരമാകും.
കഴിഞ്ഞ വർഷങ്ങളിൽ വോയ്‌സ്, എസ്.എം.എസ് സേവനങ്ങൾ മാത്രമുള്ള പ്ലാനുകൾ ദീർഘകാല വൗച്ചറുകളിൽ മാത്രമായി ചുരുങ്ങിയത് ചെറുവരുമാനക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യം മുൻനിർത്തിയാണ് ഏപ്രിൽ ഏഴിന് പുറത്തിറക്കിയ കരട് നിർദ്ദേശങ്ങളിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ട്രായ് ഈ പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഈ തീരുമാനം നടപ്പിലാകുന്നതോടെ സാധാരണക്കാരുടെ പ്രതിമാസ മൊബൈൽ ചെലവുകളിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.jpg)

