അഞ്ച് വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാനായി: മന്ത്രി പി. രാജീവ്

Minister P Rajeev

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികമുള്ള നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞതായി വ്യവസായ നിയമ കയർ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 27,158 കോടി രൂപ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായും 55,000 കോടി രൂപ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് (ഐകെജിഎസ്) വഴിയും ഏകദേശം 15,000 കോടി രൂപ മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെയും വന്ന നിക്ഷേപമാണ്. ഇതിൽ മിക്ക പദ്ധതികളുടെയും നിർമ്മാണം ആരംഭിച്ചതായും ബാക്കി പദ്ധതികൾ നിർമ്മാണത്തിൻറെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

tRootC1469263">

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ കേരളത്തിന് ലഭിച്ചു. അത് യാഥാർഥ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഐകെജിഎസിൻറെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. ഭൂമി ലഭ്യമായതിൻറെ 40 ശതമാനത്തോളം പദ്ധതികളുടെ നിർമ്മാണമാണ് ആരംഭിച്ചത്.
 
കേരളത്തിൻറെ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കഴിഞ്ഞ അഞ്ച് വർഷം സാക്ഷ്യം വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ രാജ്യത്ത് തുടർച്ചയായി ഒന്നാമതെത്താൻ കേരളത്തിനായി. രാജ്യത്ത് ആദ്യമായി ഇഎസ്ജി വ്യവസായ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ കേരളത്തിന് കൂടുതൽ നിക്ഷേപ സാധ്യതകൾ തുറന്നിടാൻ സഹായിച്ചതിലെ പ്രധാന ഘടകം ഇഎസ്ജി നയമാണ്. ലോജിസ്റ്റിക്സ്, കയറ്റുമതി, ഗ്രാഫീൻ നയങ്ങൾ കേരളത്തിന് നടപ്പാക്കാൻ സാധിച്ചതും ഇതിലൂടെയാണ്.
 
കേരളത്തിൻറെ സംരംഭകവർഷം പദ്ധതിക്ക് പ്രധാനമന്ത്രിയുടെയും അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻറെയും (എഎസ്പിഎ) അംഗീകാരം ലഭിക്കുകയുണ്ടായി. മൂന്ന് സംരംഭകവർഷം കഴിഞ്ഞപ്പോൾ 4,06,606 പുതിയ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. ഇതിലൂടെ 27,158.64 കോടി നിക്ഷേപവും 8,66,162 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്ക്കായി നടപ്പാക്കിയ മിഷൻ 1000, മിഷൻ 100000 പദ്ധതികൾ ശ്രദ്ധേയമാണ്. 6,677 കോടി രൂപയുടെ നിക്ഷേപം കിൻഫ്ര വഴി വന്നു.

കെ-സ്വിഫ്റ്റ് ഏകജാലക ക്ലിയറൻസ് സംവിധാനം നടപ്പിലാക്കിയത് സംസ്ഥാനത്തെ വ്യവസായ-നിക്ഷേപ സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിന് സഹായകമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദ്യമായി ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് പിഴ ഏർപ്പെടുത്തി പരാതി പരിഹാര സംവിധാനം നടപ്പിലാക്കിയത് കേരളമാണ്. നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് സൂക്ഷ്മ ചെറുകിട ഇടത്തരം വിഭാഗത്തിൽപെടുന്ന നിക്ഷേപമാണെങ്കിൽ മൂന്നര വർഷത്തേക്ക് പ്രിൻസിപ്പൽ അപ്രൂവൽ ഓൺലൈൻ വഴി നൽകുന്ന സംവിധാനം നടപ്പിലാക്കി. ചെറുകിട വ്യവസായങ്ങൾക്ക് കെഎസ്ഐഡിസി വഴി 1200 കോടി രൂപ വായ്പ നൽകാൻ കഴിഞ്ഞു. കെഎസ്ഐഡിസിയുടെ പ്രവർത്തനം വിപുലീകരിക്കാൻ മലബാർ മേഖലയ്ക്കായി സോണൽ ഓഫീസ് തുടങ്ങി. എംഎസ്എംഇ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി.

51 സ്വകാര്യ വ്യവസായ പാർക്കുകളിലൂടെ ഏകദേശം 560 ഏക്കർ സ്ഥലം കേരളത്തിൻറെ വ്യവസായ മേഖലയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഇതിൽ 10 എണ്ണം പ്രവർത്തനമാരംഭിച്ചു. ബാക്കിയുള്ളവ ഉദ്ഘാടനത്തിന് സജ്ജമായി. 11 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് അനുമതി നൽകി. പാലക്കാട് ഇൻഡസ്ട്രിയിൽ സ്മാർട്ട് സിറ്റി സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിനും ടെണ്ടർ നടപടികൾ പൂർത്തീകരിക്കാനുമായി. നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

പൊതുമേഖലയിൽ നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് കൊണ്ടുവന്നു. ഈ വർഷത്തെ കണക്കെടുത്താൽ 25 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കേരള പേപ്പർ പ്രോഡക്ട്സിൻറെ പ്രവർത്തനം ലാഭത്തിലായി. അതിൻറെ വിപുലീകരണത്തിനായി 741 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 400 കോടി രൂപ മുതൽമുടക്കിലുള്ള കേരള റബ്ബർ ലിമിറ്റഡ്സ് ഉദ്ഘാടനം ചെയ്തു. ഇതിന് 480 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കുള്ള വിഹിതം ഇതിനകം ലഭിച്ചു. 3000 കോടി രൂപ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കെൽട്രോൺ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ടേൺ ഓവറുള്ള സ്ഥാപനമായി മാറിയത് ഈ സർക്കാരിൻറെ കാലത്താണ്. ഏറെക്കാലമായി പ്രവത്തനമില്ലാതിരുന്ന പെരുമ്പാവൂർ റയോൺസിലെ ഇലക്ടോണിക്സ് കമ്പനി ആരംഭിക്കാനും മുളങ്കുന്നത്തുകാവിലെ കെൽട്രോൺ ഭൂമി പ്രയോജനപ്പെടുത്തി പുതിയ സംരംഭം ആരംഭിക്കാനുമായി.
 
പരമ്പരാഗത വ്യവസായ മേഖലയിൽ ശാസ്ത്രീയമായ പഠനത്തിൻറെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി ശുപാർശകൾ നടപ്പിലാക്കാൻ കഴിഞ്ഞു. കയർ മേഖലയ്ക്കായി കോൺക്ലേവ് സംഘടിപ്പിച്ചതിൻറെ ഭാഗമായി റിവോൾവിംഗ് ഫണ്ട് നടപ്പിലാക്കി. കൈത്തറി ക്ലസ്റ്ററുകൾ, ഈറ്റ തൊഴിലാളികൾക്ക് വർദ്ധിപ്പിച്ച വേജ് ഇൻസെൻറീവ്, കശുവണ്ടി മേഖലയ്ക്ക് പുനഃരുദ്ധാരണ, പുനഃരുജ്ജീവന പാക്കേജുകൾ, കോട്ടൺ ബോർഡ് രൂപീകരിച്ചതിലൂടെ മില്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ, രാജ്യത്തെ ആദ്യ പ്ലാൻറേഷൻ ഡയറക്ടറേറ്റ്, തോട്ടം തൊഴിലാളികൾക്ക് ലയം പദ്ധതി എന്നിവയും നേട്ടങ്ങളിൽപെടുന്നു. വെളിച്ചെണ്ണയ്ക്കു പുറമേ കേരള ബ്രാൻഡിൽ 10 പുതിയ ഉൽപന്നങ്ങളെ ഉൾപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

വ്യവസായ വകുപ്പിൻറെ കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന കൈപുസ്തകം മന്ത്രി പ്രകാശനം ചെയ്തു.വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ പി. വിഷ്ണുരാജ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ ബിപ്പ് സി.ഇ.ഒ. സൂരജ് എസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

Tags