മിൽമയ്ക്ക് സ്പൈസ് കോസ്റ്റ് എക്സലൻസ് അവാർഡ്

Milma

തിരുവനന്തപുരം: റീട്ടെയിൽ മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള സ്പൈസ് കോസ്റ്റ് എക്സലൻസ് അവാർഡ് മിൽമയ്ക്ക്. സ്പൈസ് കോസ്റ്റ് ലെഗസി അവാർഡ് വിഭാഗത്തിൽ ജനപ്രിയ ബ്രാൻഡിനുള്ള പുരസ്കാരത്തിനാണ് മിൽമയെ തെരഞ്ഞെടുത്തത്. ക്ഷീര സഹകരണ മേഖലയിൽ മിൽമ കൈവരിച്ച വിശ്വാസവും ബ്രാൻഡിൻറെ സ്വാധീനവും പരിഗണിച്ചാണ് പുരസ്കാരം.

കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിസിസിഐ) അൽറ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച കേരളം റീട്ടെയിൽ കോൺക്ലേവിൽ മിൽമ ചെയർമാൻ കെ.എസ്. മണി അവാർഡ് ഏറ്റുവാങ്ങി.

കേരളത്തിലെ ക്ഷീരമേഖലയിൽ വൻ നിക്ഷേപ സാധ്യതകളാണുള്ളതെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് മിൽമ ചെയർമാൻ ചൂണ്ടിക്കാട്ടി. പാൽ ഉൽപാദനക്ഷമതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണെങ്കിലും സംസ്ഥാനത്തെ പാലിൻറെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തിക്കുന്നത്. ഇത് ഈ മേഖലയിൽ വിപുലീകരണത്തിനും നിക്ഷേപങ്ങൾക്കും അവസരമൊരുക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെ വിപണി വിപുലീകരിക്കാനും മിൽമ പദ്ധതിയിടുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ 4,344 കോടി രൂപയുടെ വിറ്റുവരവാണ് മിൽമ നേടിയത്. പാലിൻറെ വിൽപന വിലയുടെ 83 ശതമാനത്തോളം തുകയും ക്ഷീരകർഷകർക്ക് നേരിട്ട് ലഭ്യമാക്കുന്ന മാതൃകയാണ് മിൽമയുടേതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

കോൺക്ലേവിൻറെ ഭാഗമായി നടന്ന 'ഇന്ത്യയുടെ ഉപഭോക്തൃ സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റൽ പരിണാമം' എന്ന സെഷനിലും കെ.എസ് മണി സംസാരിച്ചു.

മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ വത്സലൻ പിള്ള, അൽറ്റാസിറ്റ് ഗ്ലോബൽ സ്ഥാപകനും സിഇഒയുമായ ഡോ. സുധീർ രാജ രവീന്ദ്രൻ, അസോസിയേറ്റ് പാർട്ണർ മഞ്ജു അമ്മനാഥ്, സിസിസിഐ പ്രസിഡൻറ് വിനോദിനി സുകുമാർ, വൈസ് പ്രസിഡൻറ് ബിബു ബി. പുന്നൂരാൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു.
 

Tags