മിൽമ പാൽ വില വർധന: പ്രഖ്യാപനം ഇന്ന് , പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർധിപ്പിക്കും . മിൽമ ഫെഡറേഷന്റെ തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം കൂട്ടിയവില പ്രഖ്യാപിക്കും. ആറുരൂപ കൂട്ടണമെന്നാണ് മിൽമ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നാലുരൂപ മതിയെന്ന സർക്കാർ നിർദേശം മിൽമ അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് വില കൂട്ടുന്നത്.
56 രൂപയുള്ള ഒരുലിറ്റർ പാലിന് 60 രൂപയാകും. കർഷകർക്ക് പാലിന്റെ ഗുണനിലവാരമനുസരിച്ച് നിലവിൽ 45 മുതൽ 52 രൂപവരെ ലഭിക്കുന്നുണ്ട്. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്.
വിലകൂട്ടണമെന്ന് കഴിഞ്ഞവർഷംതന്നെ മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഉദ്പാനച്ചെലവ് വർധിച്ചതിനാൽ 10 രൂപ കൂട്ടണമെന്നാണ് എറണാകുളം മേഖലാ യൂണിയൻ ആവശ്യപ്പെട്ടിരുന്നത്. പാൽവില വർധിപ്പിച്ചാൽ അത് വിപണിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് മിൽമ പഠനവും നടത്തി. എന്നാൽ, തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ വന്നതോടെ വർധന വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
.jpg)

