രാജ്യത്ത് 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് മെറ്റ

whatsApp
whatsApp

പ്ലാറ്റ്ഫോമിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി മെറ്റ. രാജ്യത്ത് സൈബർ തട്ടിപ്പുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗവും വർധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം ആപ്പ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മിക്ക വാട്‌സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്.

ഇന്ത്യയിൽ വാട്‌സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇവയത്രയും നിയമവിധേയമായി പ്രവർത്തിക്കുന്നവയല്ല. വാട്‌സ്ആപ്പിനെ സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗവും ചട്ടലംഘനവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2025 ഫെബ്രുവരിയിൽ മാത്രം 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഇന്ത്യയിൽ മെറ്റ ബ്ലോക്ക് ചെയ്തു. 2021-ലെ ഐടി നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ തന്നെ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് കൂടുതലും നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഒരു ഉപയോക്താവും പരാതി പോലും നൽകാതെതന്നെ 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി പൂട്ടിക്കുകയും ചെയ്തു.

Tags

News Hub