മീഷോയും യൂട്യൂബ് ഷോപ്പിംഗും പങ്കാളിത്തത്തിൽ
കൊച്ചി : രാജ്യത്തുടനീളമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ വാണിജ്യ, വരുമാന അവസരങ്ങൾ ഒരുക്കുന്നതിനായി മീഷോ യൂട്യൂബ് ഷോപ്പിംഗുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇതിലൂടെ യോഗ്യരായ യൂട്യൂബ് ക്രിയേറ്റർമാർക്ക് തങ്ങളുടെ ലോംഗ്-ഫോം വീഡിയോകൾ, ഷോർട്ട്സ്, ലൈവ് സ്ട്രീമുകൾ എന്നിവയിൽ നേരിട്ട് മീഷോ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ സാധിക്കും. യൂട്യൂബിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ പ്രകാരം 500-ൽ താഴെ സബ്സ്ക്രൈബർമാരുള്ള ക്രിയേറ്റർമാർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാനും, തങ്ങളുടെ ഉള്ളടക്കത്തിലൂടെ നടക്കുന്ന വാങ്ങലുകൾക്ക് കമ്മീഷൻ നേടാനും കഴിയും.
ഈ പങ്കാളിത്തത്തിലൂടെ 40 വിഭാഗങ്ങളിലായി 30 ദശലക്ഷത്തിലധികം അഫിലിയേറ്റ് ഉൽപ്പന്നങ്ങളുടെയും 2 ലക്ഷത്തിലധികം വിൽപ്പനക്കാരുടെയും മീഷോ കാറ്റലോഗിലേക്ക് ക്രിയേറ്റർമാർക്ക് പ്രവേശനം ലഭിക്കും. ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ മുതൽ വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും വരെയുള്ള ഉൽപ്പന്നങ്ങൾ അവലോകനങ്ങൾ, സ്റ്റൈലിംഗ് വീഡിയോകൾ, ഷോകൾ, ലൈവ് സ്ട്രീമുകൾ എന്നിവയിൽ ഉൾപ്പെടുത്താനാകും. യൂട്യൂബിലെ തിരയൽ വഴി ഉൽപ്പന്ന കേന്ദ്രീകൃത വീഡിയോകൾക്ക് ദീർഘകാലം പ്രേക്ഷകരിലേക്ക് എത്താൻ കഴിയുന്നതിനാൽ, പിന്നീടുള്ള വാങ്ങലുകളിലൂടെയും ക്രിയേറ്റർമാർക്ക് വരുമാനം നേടാൻ സാധിക്കും. നിലവിലുള്ള മീഷോ ക്രിയേറ്റർ ക്ലബ് അംഗങ്ങൾക്ക് തങ്ങളുടെ അഫിലിയേറ്റ് പ്രവർത്തനങ്ങൾ യൂട്യൂബിലേക്കും വ്യാപിപ്പിക്കാം.
മീഷോ ക്രിയേറ്റർ ക്ലബിലെ 81 ശതമാനം പേരും മെട്രോ നഗരങ്ങൾക്ക് പുറത്തുള്ളവരും, സജീവ ക്രിയേറ്റർമാരിൽ 90 ശതമാനം പേരും നാനോ ക്രിയേറ്റർമാരുമാണ്. പ്രാദേശിക ഭാഷാ ഉള്ളടക്കം ഉൾപ്പെടെയുള്ളവയിലൂടെ ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ക്രിയേറ്റർമാർക്ക് വരുമാനം നേടാൻ യൂട്യൂബ് ഷോപ്പിംഗ് സഹായകമാകും. വരും മാസങ്ങളിൽ 2 ലക്ഷത്തിലധികം ക്രിയേറ്റർമാരെ യൂട്യൂബ് ഷോപ്പിംഗിലേക്ക് എത്തിക്കാനും അഫിലിയേറ്റ് കാറ്റലോഗ് വികസിപ്പിക്കാനും പ്രാദേശിക ഭാഷാ ക്രിയേറ്റർമാർക്ക് കൂടുതൽ പിന്തുണ നൽകാനും മീഷോ ലക്ഷ്യമിടുന്നു.
.jpg)

