ഫേസ്ബുക്കില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍ ; ഈ വര്‍ഷം പതിനായിരം പേര്‍ക്ക് കൂടി ജോലി നഷ്ടമാകും

facebook

ഫേസ്ബുക്കില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഈ വര്‍ഷം പതിനായിരം പേര്‍ക്ക് കൂടി ജോലി നഷ്ടമാകും. നിലവിലുള്ള 5000 ഒഴിവുകളും നികത്തില്ല. കമ്പനി ഘടന അഴിച്ചു പണിയുമെന്നും ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദമാക്കി. ദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പിരിച്ചുവിടല്‍ മുന്നറിയിപ്പും പുനസംഘടനയും സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. സ്ഥാപനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യാ കമ്പനി ആക്കുന്നതിനും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ ദീര്‍ഘ വീഷണത്തോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും വേണ്ടിയാണ് തീരുമാനമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്.
വരാനിരിക്കുന്ന മാറ്റങ്ങള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. മുന്നിലുളള കഠിന പാത മറികടക്കാന്‍ മാറ്റങ്ങള്‍ ഉടനേ തന്നെ വേണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സക്കര്‍ബര്‍ഗ് പറയുന്നു. അടുത്ത മാസങ്ങളില്‍ തന്നെ പുനസംഘടന സംബന്ധിച്ച വിവരം വിശദമാക്കും. ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയ്ക്കും.അതിനാല്‍ തന്നെ റിക്രൂട്ടിംഗ് ടീമിലെ ആളുകളുടെ എണ്ണവും കുറയ്ക്കും. റിക്രൂട്ടിംഗ് വിഭാഗത്തിലുള്ളവര്‍ക്ക് തീരുമാനം അവരെ ബാധിക്കുമോയെന്ന് ഉടനേ അറിയാന്‍ സാധിക്കും. 

Share this story