ജി-7 ഉച്ചകോടിയിൽ സമുദ്ര സുരക്ഷയ്ക്കായി ആഹ്വാനം ചെയ്ത് ഇന്ത്യ

narendramodi

 സമുദ്രയാത്രയിലെ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും, അതിനായി സമുദ്രപാതകൾ പൂർണ്ണമായും സുരക്ഷിതമായിരിക്കണമെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു. ഒമാൻ തീരത്ത് അമേരിക്കൻ സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി അതീവ ഗൗരവത്തോടെ ഈ വിഷയം ഉന്നയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു മോദിയുടെ പരാമർശം.

സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ യുദ്ധമല്ല, മറിച്ച് സംഭാഷണങ്ങളും നയതന്ത്രചർച്ചകളും അന്താരാഷ്ട്ര സഹകരണവുമാണ് ഏക വഴിയെന്ന് ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയതോതിൽ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും, ഈ സംഘർഷത്തിൽ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടത് വലിയ ആശങ്കയാണെന്നും മോദി വ്യക്തമാക്കി. ട്രംപുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് തൊട്ടുമുമ്പാണ് അദ്ദേഹം ഈ സുപ്രധാന വിഷയം ജി-7 വേദിയിൽ അവതരിപ്പിച്ചത്.

ഒമാൻ തീരത്തുണ്ടായ ആക്രമണം ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. അതേസമയം, കപ്പലാക്രമണത്തിന് പിന്നിൽ അമേരിക്കയല്ല ഇറാനാണെന്ന വാദത്തിൽ ട്രംപ് ഉറച്ചുനിൽക്കുകയാണ്. ഫ്രാൻസിൽ നടക്കുന്ന 52-ാം ജി-7 ഉച്ചകോടിയിൽ തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ അതിഥിയായി പങ്കെടുക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും മറ്റ് വ്യാപാര തർക്കങ്ങളും കാരണം ജി-7 നേതാക്കളുമായി അമേരിക്കൻ പ്രസിഡന്റ് ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ഉച്ചകോടി ലോകശ്രദ്ധ ആകർഷിക്കുന്നുണ്ട്.

അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നിവരാണ് ജി-7ലെ അംഗരാജ്യങ്ങൾ. കഴിഞ്ഞ നാലുവർഷമായി തുടരുന്ന ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദ്ദം ശക്തമാക്കാൻ നേതാക്കൾ തീരുമാനിച്ചു. ഉച്ചകോടിയിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.

Tags