കേരളത്തില്‍ ബിസിനസ് വിപുലീകരിച്ച് മാന്‍കാന്‍കോര്‍; നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി

Mankancor expands business in Kerala; Company says to increase investment
Mankancor expands business in Kerala; Company says to increase investment

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ മുന്‍നിര കമ്പനിയായ മാന്‍ കാന്‍കോര്‍ കേരളത്തിലെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്  തുറന്നു. കമ്പനിയുടെ അങ്കമാലി ക്യാമ്പസില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം മാന്‍കാന്‍കോര്‍ ചെയര്‍മാന്‍ ജോണ്‍ മാന്‍ നിര്‍വഹിച്ചു. 17,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് സമുച്ചയം പരിസ്ഥിതി സൗഹൃദവും നൂതന ഡിസൈന്‍ ടെക്‌നോളജിയധിഷ്ഠിതവുമാണ്. ഊര്‍ജ്ജ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി രൂപകല്‍പ്പന ചെയ്ത കെട്ടിടത്തിലും ഇതിനോട് ചേര്‍ന്നുള്ള ക്യാന്റീനിലും ഡിജിയു ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ താപനില കുറയ്ക്കുവാനും വൈദ്യുതി ലാഭിക്കുവാനും സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തിന്
എക്‌സലന്‍സ് ഇന്‍ ഡിസൈന്‍ ഫോര്‍ ഗ്രേറ്റര്‍ എഫിഷന്‍സീസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആന്റി ഓക്‌സിഡന്റ്, നാച്ചുറൽ കളേഴ്സ്,പേഴ്‌സണല്‍ കെയര്‍ ഇന്‍ഗ്രീഡിയന്‍സ്, സ്‌പൈസ് എക്‌സ്ട്രാക്ട് എന്നിവയുടെ ഉത്പാദന രംഗത്ത് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുമാണ് കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുന്നതെന്ന് മാന്‍കാന്‍കോര്‍ ചെയര്‍മാന്‍ ജോണ്‍ മാന്‍ പറഞ്ഞു. ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ കമ്പനി വിപുലീകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ഭാവിയില്‍ നടത്തുമെന്നും വ്യക്തമാക്കി.  പുതിയ ഓഫീസ് വെറും കെട്ടിടമല്ലെന്നും സുസ്ഥിരഭാവി സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും ജോണ്‍മാന്‍ പറഞ്ഞു.

ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുമായി ഇതുവരെ കമ്പനി 400 കോടിയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിട്ടുണ്ടെന്ന് മാന്‍കാന്‍കോര്‍ ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ജീമോന്‍ കോര പറഞ്ഞു. സുസ്ഥിരത, നവീനത, മികവ് എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ പ്രതീകമാണ് പുതിയ ഓഫീസ് കെട്ടിടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് മാന്‍കാന്‍കോറിന്റെ പ്രവര്‍ത്തനമെന്ന് പോണ്ടിച്ചേരി ആൻഡ് ചെന്നൈയിലെ  ഫ്രാന്‍സിന്റെ കോണ്‍സുല്‍ ജനറല്‍ എറ്റിയേന്‍ റോളണ്ട് പിഗ്യു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന് വ്യവസായ -വാണിജ്യ സഹകരണവും മാനവവിഭവശേഷി കൈമാറ്റവും അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുക, കമ്പനികള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, നവീനതയെ പ്രോത്സാഹിപ്പിക്കുന്ന എന്നീ ലക്ഷ്യത്തോടെ അടുത്ത വര്‍ഷം ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി ഇന്നവേഷന്‍ വര്‍ഷമായി ആചരിക്കും. ഇതില്‍ മാന്‍ കാന്‍കോറിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഫുഡ് ഇന്നവേഷന്‍ പ്രോഗ്രാമിലേക്ക് മാന്‍കാന്‍കോര്‍ ചെയര്‍മാന്‍ ജോണ്‍മാനെ ക്ഷണിക്കുകയും ചെയ്തു. ചടങ്ങില്‍ മാന്‍കാന്‍കോര്‍ ഓപ്പറേഷന്‍സ് സീനിയർ വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, സ്‌പൈസസ് ബോര്‍ഡ്, കെഎസ്‌ഐഡിസി, ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം, സിഐഐ, എഫ്.എ.എഫ്.എ.ഐ,ടൈകേരള, കേരള എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് എന്നിവയുടെ  ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags