ഉപയോഗിച്ച ആസിഡില്‍ നിന്നും അപൂര്‍വ്വ ധാതുവായ സ്‌കാന്‍ഡിയം വേര്‍തിരിക്കല്‍ : കെ എം എം എല്‍ - സി എസ് ഐ ആര്‍ - എന്‍ ഐ ഐ എസ് ടി ധാരണ

വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ ഉല്‍പാദനപ്രക്രിയയുടെ ഭാഗമായി ഉപയോഗിക്കുന്ന ആസിഡില്‍ നിന്നും അപൂര്‍വ്വ ധാതുവായ സ്‌കാന്‍ഡിയം വേര്‍തിരിച്ചെടുക്കുന്നതിന് തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍.ഐ.ഐ.എസ്.ടി) ക്ക് കീഴിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) മായി കെ.എം.എം.എല്‍ ധാരണാപത്രം ഒപ്പുവെച്ചു. കെ.എം.എം.എല്ലിലെ റിസേര്‍ച്ച് ആന്റ് ഡവലപ്മന്റ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്നാണ് പുതിയ ആശയത്തിന് രൂപം ന്‍ല്‍കിയത്.
പ്രദാനമായും ബഹിരാകാശ രംഗത്തും ന്യൂക്ലിയര്‍ അപ്ലിക്കേഷനുകളിലും ഉപയോഗിക്കുന്ന അപൂര്‍വ ലോഹമായ സ്‌കാന്‍ഡിയം വളരെ അധികം വ്യവസായിക ആവശ്യമുള്ളതും ഗ്രാമിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതുമാണ്. ലോകത്ത് തന്നെ വര്‍ഷത്തില്‍ ആകെ 50 മെട്രിക് ടണ്‍ മാത്രമാണ് ഉല്‍പാദനമുള്ളത്. ഇന്ത്യയില്‍ സ്‌കാന്‍ഡിയം ഉല്‍പാദനം മറ്റെവിടേയുമില്ല. കെ.എം.എം.എല്ലിലെ ഈ നവീന പദ്ധതി വിജയകരമായാല്‍ രാജ്യത്തിനും സംസ്ഥാനത്തിനും വലിയ മുതല്‍ക്കൂട്ടാകും.
സി.എസ്.ഐ.ആര്‍- എന്‍.ഐ.ഐ.എസ്.ടി റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായി നടന്ന സ്ട്രാറ്റജിക് മെറ്റീരിയല്‍ കോണ്‍ക്ലേവിലെ പാനല്‍ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്. ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതായിരുന്നു പാനല്‍ ചര്‍ച്ച. സി.എസ്.ഐ.ആര്‍ന് കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്നതാണ് വണ്‍ വീക്ക് വണ്‍ ലാബ് പരിപാടി. 'രക്ഷ 2023' എന്ന പ്രമേയത്തിലാണ് തന്ത്രപ്രധാന വസ്തുക്കളെക്കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചത്.
വി.എസ്.എസ്.സി- ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ച കോണ്‍ക്ലേവില്‍ കെ.എം.എം.എല്‍ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രബോസ്.ജെ വിശിഷ്ട അതിഥിയായിരുന്നു. സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഭോപ്പാലിലെ സി.എസ്.ഐ.ആര്‍-അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ് പ്രോസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എ.എം.പി.ആര്‍.ഐ) ഡയറക്ടര്‍ ഡോ. അവനീഷ് കുമാര്‍ ശ്രീവാസ്തവ, ഐ.എസ്.ആര്‍.ഒ - ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍.പി.എസ്.സി) ഡോ. വി. നാരായണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമായി സംസാരിച്ചു. കെ.എം.എം.എല്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് ഒപ്പം ടെക്‌നിക്കല്‍ യൂണിറ്റ് ഹെഡ് പി.കെ. മണിക്കുട്ടന്‍, റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് വിഭാഗം മാനേജര്‍മാരായ ഡോ. ഗിരീഷ് വി.എസ്, ഡോ. വിനോദ് വി.പി തുടങ്ങിയവര്‍ ധാരണാ പത്രത്തിന്റെ ഭാഗമായി. കെ.എം.എം.എല്‍ ഉദ്യോഗസ്ഥരായ കൊതറ ഗൗഡ്, സുദര്‍ശന്‍, മനോജ് ചെറിയാന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.