ഇരട്ട ഗിന്നസ് റെക്കോർഡ് നേടി ജോയ്ആലുക്കാസിൻറെ കൂറ്റൻ 'മയൂര സഹസ്ര' കമ്മലുകൾ
കൊച്ചി: ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ സ്വർണക്കമ്മലുകൾ നിർമിച്ച് ഇരട്ട ഗിന്നസ് റെക്കോർഡ് നേടി ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്. 22 കാരറ്റ് സ്വർണത്തിൽ നിർമിച്ച കമ്മലുകളുടെ ആകെ തൂക്കം 16.514 കിലോഗ്രാമാണ്. ഇന്ത്യൻ മയിലിന്റെ സൗന്ദര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത കമ്മലുകൾക്ക് 'ആയിരം മയിലുകൾ' എന്ന അർഥം വരുന്ന 'മയൂര സഹസ്ര' എന്നാണ് പേരിട്ടിരിക്കുന്നത്. പരമ്പരാഗത ജിമിക്കി ശൈലിയിലുള്ള കമ്മലുകൾ 55 കലാകാരന്മാർ 5,840 മണിക്കൂറിലധികം സമയമെടുത്താണ് നിർമിച്ചത്. കമ്മലുകൾ ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ ജോയ്ആലുക്കാസിന്റെ ‘ജ്യുവൽ ഓഫ് ജോയ്’ ഷോറൂമിൽ പ്രദർശിപ്പിച്ചു.
മുൻ ലോക റെക്കോഡിനേക്കാൾ അഞ്ചിരട്ടിയിലധികം ഭാരമാണ് 'മയൂര സഹസ്ര' കമ്മലുകൾക്കുള്ളത്. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി കമ്മലുകൾ അനാഛാദനം ചെയ്തു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി രണ്ട് റെക്കോർഡുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസിനും ജോയ്ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസിനും കൈമാറി. ദുബായ് നഗരത്തിനുള്ള ആദരമാണ് ഈ കമ്മലെന്നും, നിർമാണ പ്രവർത്തനത്തിൽ പങ്കാളികളായ ജീവനക്കാർക്കായി റെക്കോർഡ് സമർപ്പിക്കുന്നെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
കമ്മലുകൾ വിൽപ്പനയ്ക്കുള്ളതല്ലെങ്കിലും, ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ ഷോറൂമിൽ സ്ഥിരമായി പ്രദർശിപ്പിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ സൗജന്യമായി കാണാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു
.jpg)


