ഇന്ത്യക്കാർക്ക് പ്രണയം ചോക്ലേറ്റിനോട് ; കിറ്റ്കാറ്റിന്റെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ

Indians love chocolate; India becomes the largest market for Kit Kat

ദില്ലി: മധുര പ്രിയരാണ് ഇന്ത്യക്കാർ. ഇതിൽത്തന്നെ ചോക്ലേറ്റിനോടുള്ള ഇന്ത്യക്കാരുടെ താൽപര്യം വർധിച്ചു വരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് ഊട്ടിയുറപ്പിക്കുകയാണ് പ്രമുഖ് ചോക്ലേറ്റ് കമ്പനിയായ 'കിറ്റ്കാറ്റ്'പുറത്തു വിട്ട കണക്ക്. ലോകത്താകമാനം കിറ്റ്കാറ്റ് വിൽപനയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ജപ്പാനെയും ബ്രസീലിനെയും യൂറോപ്യൻ രാജ്യങ്ങളെയും പിന്തള്ളിയാണ് കിറ്റ്കാറ്റ് ഇന്ത്യയിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 3 വർഷത്തോളമായി കിറ്റ്കാറ്റ് വിപണിയിൽ രണ്ടാം സ്ഥാനത്ത് തുടരുകയായിരുന്നു ഇന്ത്യ. ലോകത്തെ മറ്റ് 85 രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നത്. പത്ത് വർഷം മുമ്പ് ആഗോളതലത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ഉപഭോഗം. പിന്നീട് പെട്ടെന്നായിരുന്നു ബ്രാന്റിന്റെ വളർച്ച. നെസ്‌ലെയുടെ തന്നെ ജനപ്രിയ ബ്രാൻഡായ മാഗിക്ക് (Maggi) ശേഷം ആഗോളതലത്തിൽ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറുന്ന രണ്ടാമത്തെ ബ്രാൻഡാണ് കിറ്റ്കാറ്റ്.

ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നതാണ് കിറ്റ്കാറ്റിന്റെ ഈ വൻ വിജയത്തിന് പിന്നിലെ പ്രധാന കാരണം. സാധാരണ വിപണിക്ക് പുറമെ പ്രീമിയം വിഭാഗത്തിലേക്കും കിറ്റ്കാറ്റ് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചു. ഉത്സവ സീസണുകൾക്കായി കിറ്റ്കാറ്റ് സെലിബ്രേക്ക്, കുഞ്ഞു രൂപത്തിൽ കിറ്റ്കാറ്റ് പോപ്സ്, പ്രീമിയം വിഭാഗത്തിൽ: സാൽറ്റഡ് കാരമൽ, ഹേസൽനട്ട് രുചികളിലുള്ള 'കിറ്റ്കാറ്റ് ഡിലൈറ്റ്സ്' തുടങ്ങിയവ, ദൈനംദിന വിപണിയിൽ കിറ്റ്കാറ്റ് ഡ്യുവോ, ലെമൺ ആൻഡ് ലൈം തുടങ്ങിയ രുചികൾ വിപണിയിൽ വലിയ ചലനമുണ്ടാക്കിയെന്ന് നെസ്‌ലെ ഇന്ത്യ കോൺഫെക്ഷനറി ഡയറക്ടർ ജഗതീശൻ ഗോപീചന്ദർ പറയുന്നു.
'വിസികൂളർ' വിപ്ലവം

പരസ്യങ്ങൾക്കായി വൻതുക നീക്കിവെച്ചതിന് പുറമെ, വിതരണ ശൃംഖലയിൽ നെസ്‌ലെ വരുത്തിയ മാറ്റങ്ങളും ശ്രദ്ധേയമാണ്. ചോക്ലേറ്റുകൾ ഉരുകിപ്പോകാതെ സൂക്ഷിക്കാൻ കടകളിൽ 'വിസികൂളറുകൾ' (Visicoolers - പ്രത്യേക ഗ്ലാസ് ഡോർ റെഫ്രിജറേറ്ററുകൾ) സ്ഥാപിക്കാൻ കമ്പനി വലിയ തോതിൽ നിക്ഷേപം നടത്തി. ഇത് നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലും കിറ്റ്കാറ്റിന്റെ വിൽപനയും ജനപ്രീതിയും കുത്തനെ ഉയർത്താൻ സഹായിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (FY25) കണക്കുകൾ പ്രകാരം, ഇന്ത്യയിൽ മാത്രം 395 കോടിയിലധികം (3,950 Million) കിറ്റ്കാറ്റ് ഫിംഗറുകളാണ് വിറ്റഴിഞ്ഞത്. ഇതോടെ ചോക്ലേറ്റ് വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി കിറ്റ്കാറ്റ് മാറി. ഇപ്പോഴും, നെസ്‌ലെയുടെ മാഗി നൂഡിൽസിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണിയും ഇന്ത്യ തന്നെയാണ്. പ്രതിവർഷം 500 കോടിയിലധികം മാഗി സെർവിംഗുകളാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്.

Tags