ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് !
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് നീങ്ങുകയാണ്. ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ ഡോളറിന് 94.76 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടന്നത്. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിൽ രൂപയുടെ മൂല്യമിടിവ് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ തന്നെ ഇത് 95 കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വെറും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 2 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം ശക്തമായതോടെ ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് രൂപയ്ക്ക് വൻ തിരിച്ചടിയായത്. സുരക്ഷിത നിക്ഷേപം തേടി വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നത് സ്ഥിതിഗതികൾ വഷളാക്കി. കൂടാതെ, യുദ്ധം മൂലം ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതും ക്രൂഡ് ഓയിൽ വില വർധിച്ചതും രൂപയുടെ മൂല്യമിടിവിന് ആക്കം കൂട്ടിയിട്ടുണ്ട്.
രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഇറക്കുമതി ചെലവ് കുത്തനെ വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് പെട്രോൾ, ഡീസൽ വില വർദ്ധനവിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കിയേക്കാം. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളായാൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യതയെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു
.jpg)


