സ്വർണവില ഇടിഞ്ഞു
കൊച്ചി : യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധവിരാമം പ്രഖ്യാപിച്ചതോടെ ഇന്നലെ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണത്തിന് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13875 രൂപയും പവന് 1,11,000 രൂപയുമായി.
ഇന്നലെ ഗ്രാമിന് 225 രൂപ കൂടി 13,890 രൂപയും പവന് 1800 രൂപ കൂടി 1,11,120 രൂപയുമായിരുന്നു വില. അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് ഇന്ന് 6.89 ഡോളർ കുറഞ്ഞ് 4,322.99 ഡോളറായി മാറി. 0.16 ശതമാനമാണ് കുറഞ്ഞത്.
തുടർച്ചയായി മൂന്നുദിവസം വർധിച്ച ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഗ്രാമിന് 270 രൂപ കൂടി 13,620 രൂപയും പവന് 2,160 രൂപ കൂടി 1,08,960 രൂപയുമായിരുന്നു വില. ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഈ വർഷം ജനുവരി 29നാണ് സ്വർണത്തിൻറെ എക്കാലത്തെയും റെക്കോഡ് വിലയായ 1,31,160 രൂപ രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച ഇറാൻ -യു.എസ് യുദ്ധവിരാമ കരാർ ഒപ്പിടുന്നതോടെ സ്വർണവില ഇനിയും കുതിക്കാനാണ് സാധ്യത. ഹുർമുസ് പൂർണമായും തുറക്കുകയാണെങ്കിൽ എണ്ണവില സെപ്റ്റംബറോടെ 70 ഡോളറിലെത്തിയേക്കും. ഇത് രാജ്യങ്ങളിൽ നിലനിൽക്കുന്ന പണംപ്പെരുപ്പം കുറക്കും. പണപ്പെരുപ്പം കുറഞ്ഞാൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടക്കമുള്ളവർ പലിശനിരക്ക് കുറക്കും. പലിശനിരക്ക് കുറയുന്നതോടെ ബോണ്ട് നിക്ഷേപം ആകർഷകമല്ലാതായി മാറും. സ്വർണമായിരിക്കും അപ്പോൾ ഏറ്റവും ആകർഷകമായ നിക്ഷേപം. ഇതോടെ സ്വർണവില മുകളിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
.jpg)

