പശ്ചിമേഷ്യയിൽ സംഘർഷത്തിൽ ഇന്ധന വില കുതിച്ചുയർന്നു ; ടിക്കറ്റിന് അധിക ചാർജ് ഏർപ്പെടുത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിമാന ഇന്ധനവില ഉയർന്നതോടെ ടിക്കറ്റുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ടിക്കറ്റ് നിരക്കിന് പുറമേ അധിക ചാർജ് ഈടാക്കാനാണ് വിമാനക്കമ്പനികളുടെ നിലപാട്. പുതിയ തീരുമാനത്തോടെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ സർവീസുകളുടെ ടിക്കറ്റ് നിരക്കുകൾ ഉയരും. ആഭ്യന്തര സർവീസുകളിൽ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. നാളെ പുലർച്ചെ മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിരക്ക് ബാധകമാവുക. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 830 രൂപ സർചാർജ് നൽകണം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ എന്നിവ ഉൾപ്പെടുന്ന സാർക്ക് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും നിരക്ക് വർധന ബാധകമാണ്.
യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് മാർച്ച് 18 മുതൽ സർചാർജ് നിലവിൽ വരും. യൂറോപ്പിലേക്ക് 25 ഡോളറും നോർത്ത് അമേരിക്കയും ഓസ്‌ട്രേലിയയും ലക്ഷ്യമാക്കിയുള്ള സർവീസുകൾക്ക് 50 ഡോളറും അധികമായി ഈടാക്കും. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 30 ഡോളറും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 20 ഡോളറും സർചാർജ് നിശ്ചയിച്ചിട്ടുണ്ട്. ഇതിനുമുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് അധിക തുക ബാധകമല്ല. എന്നാൽ യാത്ര തിയ്യതി മാറ്റുകയോ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ പുതിയ നിരക്ക് നൽകേണ്ടിവരും. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഇന്ധനത്തിനായി ചെലവാകുന്ന സാഹചര്യത്തിൽ സർചാർജ് ഏർപ്പെടുത്താതെ സർവീസുകൾ തുടരുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കമ്പനികൾ. എയർ ഇന്ത്യ ഗ്രൂപ്പിന്റെ തീരുമാനത്തിന് പിന്നാലെ മറ്റു വിമാനക്കമ്പനികളും ഉടൻ നിരക്ക് വർധന പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചന.
.jpg)

