ഫെഡറൽ ബാങ്കിന് ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രവർത്തന ലാഭവും ; അറ്റ പലിശ വരുമാനവും ഫീ വരുമാനവും ത്രൈമാസിക അറ്റാദായത്തിൽ 9% വർദ്ധനവ്
കൊച്ചി: 2025 ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 553364.49 കോടി രൂപയായി ഉയർന്നു. 1729.33 കോടി രൂപയാണ് പ്രവർത്തന ലാഭം. ചരിത്രത്തിലെ ഏറ്റവുമുയർന്ന ത്രൈമാസിക പ്രവർത്തന ലാഭമാണിത്. 1041.21 കോടി രൂപയാണ് അറ്റാദായം.
“ബാങ്കിന്റെ അടിസ്ഥാനസമവാക്യങ്ങൾ തുടർന്നും ശക്തിപ്പെടുന്നു എന്നതിന്റെ സൂചകമാണ് മൂന്നാം പാദ ഫലങ്ങൾ. കഴിഞ്ഞ ചില പാദങ്ങളായി ഞങ്ങൾ പാലിച്ച അച്ചടക്കത്തിന്റെയും ശ്രദ്ധാപൂർവ്വമായ നിർവഹണത്തിന്റെയും നേർഫലങ്ങളാണ് മാർജിനുകളുടെ മെച്ചപ്പെടൽ, ഫണ്ടിംഗ് ചെലവിൽ വന്ന കുറവ്, ആസ്തി ഗുണനിലവാരത്തിലെ സ്ഥിരത എന്നിവ,” ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയൻ പറഞ്ഞു.
“ശക്തമായ നിക്ഷേപ ഉത്പന്നങ്ങളും, മികച്ച റിസ്ക്-അഡ്ജസ്റ്റഡ് റിട്ടൺ നൽകുന്ന സെഗ്മെന്റുകളിലേക്ക് ആസ്തി പുനർവിന്യസിക്കുന്നതും വളരെ ഗുണകരമായെന്ന് ഞങ്ങൾക്കു ബോധ്യമായി. അതേ സമയം, ചെലവ് ചെയ്യുന്നതിലുള്ള അച്ചടക്കവും വിവേകപൂർവമായ റിസ്ക് മാനേജ്‌മെന്റും ഞങ്ങളുടെ പ്രവർത്തനത്തിന്റെ ആധാരശിലയായി തുടരുന്നു.
മത്സരസാഹചര്യത്തിലും തലക്കെട്ടിൽ ഇടംപിടിക്കുന്ന വളർച്ചയ്ക്കല്ല, മറിച്ച് സ്ഥിരവും ഗുണപരവുമായ വരുമാനത്തിനാണ് ഞങ്ങൾ ഊന്നൽ കൊടുക്കുന്നത്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ഈ സമീപനം ബാങ്കിനെ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 11.40 ശതമാനം വർധിച്ച് 553364.49 കോടി രൂപയിലെത്തി. മുൻവർഷം ഇതേ പാദത്തിൽ 266375.43 കോടി രൂപയായിരുന്ന നിക്ഷേപം 11.80 ശതമാനം വർദ്ധനവോടെ 297795.82 കോടി രൂപയായി. ആകെ നിക്ഷേപത്തിന്റെ 32.07 ശതമാനം ആണ് കാസ.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ 255568.67 കോടി രൂപയായി വർധിച്ചു. 10.94 ശതമാനമാണ് വാർഷികാടിസ്ഥാനത്തിലുള്ള വളർച്ചാനിരക്ക്. അറ്റ പലിശ മാർജിൻ 3.18 ശതമാനമായി വർധിച്ചു
ചരിത്രത്തിലെ ഏറ്റവുമുയർന്ന അറ്റപലിശവരുമാനമാണ് ബാങ്ക് കൈവരിച്ചത്. വാർഷികാടിസ്ഥാനത്തിൽ 9.11 ശതമാനം വർധനയോടെ അറ്റപലിശവരുമാനം 2652.73 കോടി രൂപയിലെത്തി. ഫീ വരുമാനവും ചരിത്രത്തിലെ ഏറ്റവുമുയർന്നതാണ്. 18.57 ശതമാനം വർദ്ധനവോടെ 896.47 കോടി രൂപയായി. 4446.86 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.72 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1068.04 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.42 ശതമാനമാണിത്. 75.14 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം.
ഓഹരിയൊന്നിന് 30.45 രൂപ പ്രകാരം 3.20 കോടി ഓഹരികൾ വാങ്ങിയതിലൂടെ ഏജീസ് ഫെഡറൽ ഇൻഷുറൻസ് കമ്പനിയിലെ ബാങ്കിന്റെ ഓഹരിപങ്കാളിത്തം 26 ശതമാനത്തിൽ നിന്ന് 30 ശതമാനം ആയി വർധിച്ചു.
സമകാലികമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ബാങ്കിന്റെ ലോഗോ കഴിഞ്ഞയിടെ പുതുക്കുകയുണ്ടായി. ആധികാരികത, അഭിവൃദ്ധി, കൂട്ടായ്‌മ എന്നിവ പ്രതിഫലിക്കുന്ന തരത്തിലാണ് ‘ഫോർച്യൂണ വേവ്’ എന്ന പേരിലുള്ള പുതിയ ലോഗോ രൂപകൽപന ചെയ്തിട്ടുള്ളത്.
ബാങ്കിന്റെ വളർച്ചയിൽ ഒരു നാഴികക്കല്ലാണ് അമേരിക്കൻ നിക്ഷേപസ്ഥാപനമായ ബ്ളാക്സ്റ്റോൺ ഓഹരിപങ്കാളിത്തത്തിനു തീരുമാനിച്ചത്. പ്രസ്തുത പങ്കാളിത്തത്തിന് ഡയറക്ടർ ബോർഡിന്റെയും ഓഹരിയുടമകളുടെയും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെയും മറ്റും അനുമതി ലഭിച്ചു എന്നത് ബാങ്കിന്റെ നിർവഹണത്തിലും ദീർഘകാല ലക്ഷ്യങ്ങളിലും സുസ്ഥിരമായ പ്രവർത്തത്തിലും മറ്റുമുള്ള ആത്മവിശ്വാസത്തിനു നിദർശനമാണ്.
.jpg)


