കാൻസർ ബാധിതർക്കുള്ള സഹായത്തിനായി ഹോളി സ്പിരിറ്റ് ആശുപത്രിയുമായി സഹകരിച്ച് ഫെഡറൽ ബാങ്ക് ഹോർമിസ് ഫൗണ്ടേഷൻ
കാൻസർ അവബോധവും ചികിൽസാ സഹായവും സംയോജിപ്പിച്ചു നടപ്പാക്കുന്ന സിഎസ്ആർ പദ്ധതിയായ സഞ്ജീവനിക്കു കീഴിൽ മുംബൈ അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയുമായി ഫെഡറൽ ബാങ്ക് ഹോർമിസ് ഫൗണ്ടേഷൻ ധാരണാ പത്രം ഒപ്പു വെച്ചു.ഇതിന്റെ ഭാഗമായി ഹോളി സ്പിരിറ്റ് ആശുപത്രിയുടെ ഗുണഭോക്തൃ പിന്തുണാ പദ്ധതിക്ക് ഫൗണ്ടേഷൻ 75 ലക്ഷം രൂപ സംഭാവന നൽകി. പദ്ധതിയുടെ ധാരണാ പത്രം ഫെഡറൽ ബാങ്ക് മുംബൈ സോൺ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ റിഷി ഝായും ഹോളി സ്പിരിറ്റ് ആശുപത്രി എസ്‌കിക്യൂട്ടീവ് ഡയറക്ടറുമായ ലിസ്സി ദേവസ്സിയും കൈമാറി.
ചടങ്ങിൽ ബാങ്കിന്റെ റീജണൽ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ അരുൺ രാജു, മുംബൈ സോണൽ സെയിൽസ് മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ പർവേഷ് ഹബ്ലാനി, ബാങ്കിന്റെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ഹോളി സ്പിരിറ്റ് ആശുപത്രി ഫിനാൻസ് ഡയറക്ടർ സിസ്റ്റർ ശ്രുതി ചാക്കോ, കാൻസർ സെന്റർ ഇൻ ചാർജ് സിസ്റ്റർ മെറ്റിൽഡ ജോർജ്ജ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. അജയ് കോൽസെ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ വി രവീന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയായ സഞ്ജീവനിയിലൂടെ ഇതുവരെ 13,645 പേർക്ക് കാൻസർ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. കൂടാതെ 33,014 ഗുണഭോക്താക്കൾക്ക് ബോധവത്ക്കരണം, രോഗനിർണ്ണയം, പരിശോധന, ചികിത്സാസഹായം, രോഗീപരിചരണം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള സഹായവും നൽകിയിട്ടുണ്ട്.സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി ജനങ്ങളുടെ ജീവിതത്തിൽ നിർണായകമായ വ്യത്യാസം പ്രദാനം ചെയ്യുന്ന പിന്തുണാ നീക്കങ്ങൾ നടത്തുന്നതിലൂടെയാണ് അർത്ഥവത്തായ മാറ്റങ്ങൾ ആരംഭിക്കുന്നതെന്നു തങ്ങൾ വിശ്വസിക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് റിഷി ഝാ പറഞ്ഞു. സുസ്ഥിരമായ സാമൂഹിക പ്രതിഫലനങ്ങളുണ്ടാക്കുന്നതും, ക്രിയാത്മകമായ പ്രവർത്തനങ്ങൾ തുടരാനുള്ള ശ്രമങ്ങളുടെ ഭാഗമായുമുള്ള ബാങ്കിന്റെ മറ്റൊരു ചുവടുവെപ്പാണ് ധാരണാപത്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വ്യക്തിപരമായ ഉണർവ്വിനും ദേശീയ വികസനത്തിനും ആവശ്യമായ അടിസ്ഥാനപരമായ ഘടകമാണ് ആരോഗ്യം എന്നു മനസിലാക്കിയുള്ള പദ്ധതികളാണ് സഞ്ജീവനി ഉൾപ്പെടെയുള്ള ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ.
.jpg)


