ഇന്ത്യയിലെ സ്‍മാർട്ട്‌ഫോൺ കയറ്റുമതി കുറഞ്ഞു
Mar 8, 2025, 18:44 IST


ദില്ലി: പുതുവർഷത്തിൽ സ്മാർട്ട്‌ഫോൺ കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യൻ മൊബൈല്‍ വിപണിയിൽ ഇടിവ്. വിപണിയിലെ ഈ മാന്ദ്യം ഉണ്ടായിരുന്നിട്ടും, ആപ്പിളും ഒപ്പോയും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയെന്ന് ഐഡിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024ൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി നാല് ശതമാനം വാർഷിക വളർച്ച (YoY) രേഖപ്പെടുത്ത ശേഷമാണ് ഈ മാന്ദ്യം ഉണ്ടാകുന്നത്.
രാജ്യത്ത് ഈ വര്‍ഷം (2025) ജനുവരിയിൽ ആപ്പിൾ ശക്തമായ വാര്‍ഷിക വളർച്ചാ കണക്കുകൾ രേഖപ്പെടുത്തി. എങ്കിലും, മൊത്തത്തിലുള്ള ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ കയറ്റുമതിയിൽ ഇടിവുണ്ടായി. വർഷത്തിലെ ആദ്യ മാസത്തിലെ ദുർബലമായ ഉപഭോക്തൃ ഡിമാൻഡാണ് ഈ ഇടിവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ മിച്ച ഇൻവെന്‍ററിയും ഇതിനെ ബാധിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം ശക്തമായ ഷിപ്പിംഗ് നമ്പറുകൾ കാരണം ടെക് ഭീമനായ ആപ്പിളിന് ജനുവരിയിൽ വിപണിയിൽ ആദ്യ അഞ്ച് സ്ഥാനം നേടാൻ കഴിഞ്ഞു.
ജനുവരിയിൽ ആപ്പിൾ ഏറ്റവും ശക്തമായ കമ്പനിയായി ഉയർന്നുവന്നു. കയറ്റുമതിയിൽ വാർഷികാടിസ്ഥാനത്തിൽ 11.7 ശതമാനം വളർച്ച ആപ്പിൾ നേടി. ഐഡിസി ഡാറ്റ പ്രകാരം, തുടർച്ചയായ അഞ്ച് മാസമായി ഇന്ത്യയിലെ മികച്ച അഞ്ച് ബ്രാൻഡുകളിൽ ആപ്പിൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
2025 ജനുവരിയിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി വാർഷിക ഇടിവിന് സാക്ഷ്യം വഹിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്ത ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (IDC) റിപ്പോർട്ട് അനുസരിച്ച്, സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ജനുവരിയിൽ മൊത്തം 11.1 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു, 2024-ലെ ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 9.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ലെ നാലാം പാദത്തിലെ വിൽപ്പന ഇടിവാണ് ഇതിനുകാരണമെന്ന് ഐഡിസി റിപ്പോർട്ട് പറയുന്നു. അതേസമയം 2024-ൽ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി കയറ്റുമതിയിൽ നാല് ശതമാനം വാർഷിക വളർച്ച കൈവരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.

ജനുവരിയിൽ സാംസങ് ഗാലക്‌സി എസ്25 സീരീസും നിരവധി മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകളും പുറത്തിറങ്ങി. എങ്കിലും, ഉപഭോക്തൃ ആവശ്യം ദുർബലമായി തുടരുകയാണെന്നും 2024 അവസാനം മുതൽ മിച്ചമുള്ള ഇൻവെന്ററി കാരണം സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഉയർന്ന എണ്ണം യൂണിറ്റുകൾ കയറ്റുമതി ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. ഈ സംഖ്യകൾ ഉണ്ടായിരുന്നിട്ടും ദീർഘകാല ആശങ്കകളൊന്നും ഐഡിസി ഉയർത്തിക്കാട്ടിയില്ല. ഇതേ കാലയളവിൽ വിവോയ്ക്ക് 8.1 ശതമാനം വാർഷിക ഇടിവും റിയൽമിക്ക് 5.3 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തി.