സംവത് 2083-ന് തുടക്കമിട്ട് ദീപാവലി പ്രത്യേക മുഹൂർത്ത വ്യാപാരം ഇന്ന്; ബി.എസ്.ഇയിലും എൻ.എസ്.ഇയിലും ഒരു മണിക്കൂർ നീളുന്ന സെഷൻ

Diwali special muhurta trading begins for Samvat 2083 today; One-hour session on BSE and NSE

മുംബൈ: വിക്രം സംവത് 2083-ന്റെ തുടക്കം കുറിച്ച് ദീപാവലി ദിനമായ ഞായറാഴ്ച ഓഹരി വിപണിയിൽ പ്രത്യേക മുഹൂർത്ത വ്യാപാരം നടക്കും. ബി.എസ്.ഇ, എൻ.എസ്.ഇ എന്നീ പ്രധാന ഓഹരി വിപണികൾക്ക് പുറമെ കമ്മോഡിറ്റി എക്സ്ചേഞ്ചായ എം.സി.എക്സിലും പ്രത്യേക വ്യാപാരം ഉണ്ടായിരിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.20 മുതൽ 3.30 വരെയാണ് ഒരു മണിക്കൂർ നീളുന്ന ഈ പ്രത്യേക വ്യാപാര സെഷൻ ക്രമീകരിച്ചിരിക്കുന്നത്.

ലക്ഷ്മി പൂജയുമായി ബന്ധപ്പെട്ടുവരുന്ന ഈ സമയം നിക്ഷേപകർ വളരെ ഐശ്വര്യപ്രദവും സമൃദ്ധി നൽകുന്നതുമായാണ് കാണുന്നത്. ഹിന്ദു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തെ കുറിക്കുന്ന മുഹൂർത്ത വ്യാപാരത്തിന് 1957-ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചാണ് (ബി.എസ്.ഇ) തുടക്കമിട്ടത്. 1992 മുതൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ.എസ്.ഇ) ഈ രീതി പിന്തുടരുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ മുഹൂർത്ത വ്യാപാരത്തിൽ പ്രധാന സൂചികകളെല്ലാം 0.1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വർഷവും വിപണി നേട്ടത്തിലായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തുടർച്ചയായ എട്ടാമത്തെ ദിവസവും നേട്ടത്തോടെയാണ് വെള്ളിയാഴ്ച വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഈ കുതിപ്പ് ഞായറാഴ്ചയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസത്തിനിടെ നിഫ്റ്റി 50, സെൻസെക്സ് സൂചികകൾ ഏകദേശം 10 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്. ഈ മുന്നേറ്റം വഴി ഈ വർഷത്തെ മൊത്തത്തിലുള്ള നഷ്ടം ഏകദേശം നാലുശതമാനമായി കുറയ്ക്കാൻ വിപണിക്ക് സാധിച്ചിട്ടുണ്ട്.

Tags