കണ്ണട ഒഴിവാക്കാം; നൂതന 'സിൽക്' നേത്രചികിത്സാരീതി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച് ചൈതന്യ വൺ
കൊച്ചി: കാഴ്ചവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ലേസർ വിഷൻ കറക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 'സിൽക്' (SiLK) നേത്രചികിത്സാരീതി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച് ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചൈതന്യ വൺ. കാഴ്ചവൈകല്യങ്ങളുള്ളവർക്ക് കണ്ണടയില്ലാതെ തന്നെ വ്യക്തമായ കാഴ്ച നേടാൻ സഹായിക്കുന്ന നൂതന ശസ്ത്രക്രിയയാണിത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി പുതിയ ചികിത്സാ സംവിധാനം ഉദ്ഘാടനം ചെയ്തു. ചൈതന്യ വൺ മാനേജിങ് പാർട്ണറും സിഇഒയും സിഎംഒയുമായ ഡോ. ഉണ്ണികൃഷ്ണൻ നായർ, പാർട്ണറും ഡയറക്ടറുമായ (ഹെൽത്ത്കെയർ പ്രൊമോഷൻസ്) ഡോ. അനിൽ കൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി 13 നേത്രാശുപത്രികളുടെ ശൃംഖലയുള്ള കേരളത്തിലെ നേത്ര ചികിത്സാ രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമായ ചൈതന്യ വണ്ണിന്റെ മുപ്പത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ചാണ് അത്യാധുനിക ചികിത്സാ സംവിധാനം കേരളത്തിലെ രോഗികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വിഷൻ വികസിപ്പിച്ചെടുത്ത, ലേസർ വിഷൻ കറക്ഷൻ രംഗത്തെ ലോകോത്തര ചികിത്സയാണ് സിൽക്.
കാഴ്ചവൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള പുതുതലമുറ സാങ്കേതികവിദ്യ കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മാനേജിങ് പാർട്ണറും സിഇഒയും സിഎംഒയുമായ ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിൽ 'സിൽക്' സാങ്കേതികവിദ്യ സജ്ജമാക്കിയതോടെ അത്യാധുനിക ലേസർ നേത്രചികിത്സാ സൗകര്യം സംസ്ഥാനത്തെ എല്ലാവർക്കും എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ 'എലിറ്റ' (ELITA) പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ, വിഷമദൃഷ്ടി (Astigmatism), ഹ്രസ്വദൃഷ്ടി (Myopia) എന്നീ പ്രശ്നങ്ങളുള്ള രോഗികൾക്ക് നൂതനമായ 'സിൽക്' ശസ്ത്രക്രിയയിലൂടെ മികച്ച കാഴ്ചശക്തി നൽകാൻ ചൈതന്യയിലെ ഡോക്ടർമാർക്ക് സാധിക്കും. ഏറ്റവും വേഗതയേറിയ ലേസർ ഡെലിവറി സംവിധാനമുള്ള 'എലിറ്റ ഫെംടോസെക്കൻഡ് ലേസർ' (ELITA Femtosecond laser) അതിസൂക്ഷ്മമായ ലേസർ പൾസുകളാണ് ഉപയോഗിക്കുന്നത്. ഇതുവഴി നേത്രപടലത്തിലെ ചെറിയ പാളി (Lenticule) വളരെ സുഗമമായി നീക്കം ചെയ്യാൻ സാധിക്കും.
.jpg)

