ക്രൂഡ് ഓയിൽ ബാരലിന് 91.80 ഡോളറായി കുറഞ്ഞു
ഇറാനെതിരെ ഉടൻ സൈനിക നടപടികൾക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. മധ്യപൂർവേഷ്യയിൽ നിന്നുള്ള എണ്ണ വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞതാണ് വിപണിക്ക് ആശ്വാസമായത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 91.80 ഡോളറായി കുറഞ്ഞു. ഇത് ഓഗസ്റ്റ് 31-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. ഡബ്ല്യു.ടി.ഐ ക്രൂഡ് ബാരലിന് 86.50 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
വൈറ്റ് ഹൗസിൽ ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സൈനിക നീക്കങ്ങളിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങാൻ ട്രംപ് തീരുമാനിച്ചത്. എങ്കിലും ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവികസേനയുടെ ഉപരോധം താൽക്കാലികമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ് എന്നീ രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദനത്തിൽ വർധനവുണ്ടായതായി റോയിട്ടേഴ്സ് സർവേ ചൂണ്ടിക്കാണിക്കുന്നു. ഇത് കയറ്റുമതി തടസ്സങ്ങൾക്കിടയിലും വിപണിയിൽ എണ്ണ ലഭ്യമാക്കാൻ സഹായിച്ചിട്ടുണ്ട്.
.jpg)

