പാചകവാതക വിലവർധന; ഭക്ഷണത്തിന് തീവില, ഹോട്ടലുകൾ ഊണും പൊറോട്ടയും നിർത്തി
തിരുവനന്തപുരം: പാചകവാതക വിലവർധനയുടെ പേരിൽ ഭക്ഷണവില കുത്തനെ കൂട്ടി ഹോട്ടലുകൾ. കട്ടൻചായ മുതൽ എല്ലായിനങ്ങൾക്കും വില വർധിച്ചപ്പോൾ സാധാരണക്കാരാണ് വലയുന്നത്. വില ഉയർത്താതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. തട്ടുകടകൾ മുതൽ വൻകിട ഹോട്ടലുകളിൽവരെ വിലക്കയറ്റമുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് മിക്ക ഹോട്ടലുകളും ഊണടക്കമുള്ള ജനപ്രിയവിഭവങ്ങൾ ഒഴിവാക്കി മെനു പരിഷ്കരിക്കുകയും ചെയ്തു.
നേരത്തേ 10 രൂപയായിരുന്ന ചായക്ക് ഇപ്പോൾ 12 മുതൽ 16 വരെയാണ് വില. ഇത് ചെറിയ ഹോട്ടലുകളിലാണ്. 25 മുതൽ 30 രൂപവരെ ഈടാക്കുന്നവരുമുണ്ട്. ഇതിനനുസൃതമായി മറ്റ് വിഭവങ്ങൾക്കും വില ഉയർന്നു. പൊറോട്ട, ചപ്പാത്തി എന്നിവയ്ക്ക് 12-ൽനിന്ന് 16 രൂപയായി. ചിക്കൻ വിഭവങ്ങൾ പ്ലേറ്റിന് 200 രൂപയായിരുന്നത് 260 മുതൽ 280 വരെയായപ്പോൾ ബിരിയാണിക്ക് 160 രൂപയുണ്ടായിരുന്നത് 200-ലേക്ക് ഉയർന്നു.
നഗരത്തിൽ ഒന്നിലധികം ശാഖകളുമായി കാലങ്ങളായി പ്രവർത്തിക്കുന്ന ഹോട്ടൽ ശൃംഖല ചിക്കൻ ബിരിയാണിയുടെ നിരക്ക് 240-ൽനിന്ന് പെട്ടെന്ന് 320 വരെയായി ഉയർത്തി. പലയിടത്തും 60 രൂപയായിരുന്ന ഊണ് 100 വരെയെത്തി. വട, പഴംപൊരി, വെട്ടുകേക്ക് എന്നിവയ്ക്കെല്ലാം രണ്ട് മുതൽ നാലുരൂപ വരെ വർധിച്ച് 16 രൂപയായി. നേരത്തേതന്നെ പല ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കിയിരുന്ന ചില വെജിറ്റേറിയൻ ഹോട്ടലുകൾ സാഹചര്യം മുതലെടുത്ത് ഇരട്ടിവിലയാക്കി. എന്നാൽ, ഇതിനനുസരിച്ചുള്ള ഗുണനിലവാരം ഇത്തരം ചില ഹോട്ടലുകളിലെങ്കിലും ഇല്ലെന്നും വ്യാപക പരാതിയുണ്ട്.
പാചകവാതകവില ഉയർന്നതും ദൗർലഭ്യവുംമൂലം പലയിടത്തും മെനു വെട്ടിക്കുറച്ചു. ആദ്യവെട്ട് വീണത് ഊണിനാണ്. ഊണിന് കൂടുതൽ കറികളുമുണ്ടാക്കണം. പാചകവാതകവും അധികം ഉപയോഗിക്കേണ്ടിവരും. അതിനാൽ യുദ്ധം തുടങ്ങിയ സമയത്തുതന്നെ മിക്ക ഹോട്ടലുകളും ഊണ് അവസാനിപ്പിച്ചു. കുറച്ചുപേർ ഇതിൽനിന്ന് തിരിച്ചുവന്ന് വീണ്ടും ഊണ് നൽകാൻ ആരംഭിച്ചപ്പോഴാണ് ഒറ്റദിവസംകൊണ്ട് വാണിജ്യസിലിൻഡറിന് 993 രൂപ വർധിപ്പിച്ചത്. അതോടെ ഊണ് വീണ്ടും നിലച്ചു. പകരം ബിരിയാണി മാത്രമാക്കി മിക്കവരും. ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ പലരും ബിരിയാണി കഴിക്കാറില്ലെന്ന് ഹോട്ടലുടമകൾ തന്നെ പറയുന്നു. ഇതുപോലെ പൊറോട്ടയും ദോശയുമടക്കം നിർത്തിയ ഹോട്ടലുകളുമുണ്ട്.
നിലനിൽപ്പുതന്നെ ഭീഷണിയിലായ സാഹചര്യമാണെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. വിലവർധനയും പൂഴ്ത്തിവെയ്പും കാരണം പാചകവാതക സിലിൻഡറുകൾ കിട്ടാനില്ലാത്ത സാഹചര്യമാണ്. സാധാരണരീതിയിൽ കച്ചവടം നടക്കുന്ന ഒരു ഹോട്ടലിൽ ദിവസം രണ്ട് സിലിൻഡർവരെ വേണ്ടിവരും. ദിവസം പത്ത് സിലിൻഡർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്. നേരത്തേ ആവശ്യത്തിന് സിലിൻഡറുകൾ ലഭിച്ചിരുന്നു. ഇപ്പോൾ ബുക്ക് ചെയ്താൽ ഒരു സിലിൻഡർ മാത്രമാണ് ലഭിക്കുക. ഇത് പര്യാപ്തമല്ല.
വിറകടുപ്പിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും പൂർണമായും നടപ്പായില്ല. പാചകവാതക വിലക്കയറ്റത്തിനൊടൊപ്പം പച്ചക്കറി, പലവ്യഞ്ജനം എന്നിവയ്ക്കും അമിതവില ചിലർ ഈടാക്കുന്നുണ്ടെന്നും ഹോട്ടലുടമകൾ പറയുന്നു. ഇതോടൊപ്പമാണ് തൊഴിലാളികളുടെ ക്ഷാമം. പശ്ചിമബംഗാൾ, അസ്സം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളെല്ലാം നാടുകളിൽപ്പോയി. ഇവരാരും ഇതുവരെ തിരികെവന്നിട്ടില്ല. പല ഹോട്ടലുകളും പൂട്ടി. പാചകവാതകത്തിന്റെ അമിത വിലവർധനക്കെതിരേ ഹോട്ടലുടമകളുടെ സംഘടനകൾ കേന്ദ്രസർക്കാറിന് പരാതി നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായി നീളുകയാണ്. സംഘർഷം അവസാനിച്ച് സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ ഉയർത്തിയ വില കുറയ്ക്കുമോയെന്നാണ് സാധാരണക്കാർ ചോദിക്കുന്നത്. മുൻകാലങ്ങളിൽ ഇത്തരത്തിൽ ഉയർത്തിയ വിലകളിൽ പിന്നീട് മാറ്റം വരുത്തിയിട്ടില്ല. സംഘർഷം അവസാനിച്ചാലും പാചകവാതകലഭ്യത സാധാരണനിലയിലാകാൻ വീണ്ടും മൂന്നു മാസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തൽ.
.jpg)

