പശ്ചിമേഷ്യയിലെ സംഘർഷം ; വിമാന ടിക്കറ്റ് നിരക്ക് പത്തു ശതമാനം വരെ ഉയരാൻ സാധ്യത
ദുബയ് : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോള വിപണിയിലെ ഇന്ധനവില വർധനവും കാരണം വിമാന ടിക്കറ്റ് നിരക്കുകൾ പത്തു ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് റിപോർട്ട്. യുദ്ധസാഹചര്യത്തെ തുടർന്ന് നിരവധി വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നതും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിച്ചിരിക്കുകയാണ്. നിലവിൽ വിമാനക്കമ്പനികളുടെ ആകെ ചെലവിന്റെ 25 മുതൽ 35 ശതമാനം വരെ ഇന്ധനത്തിനായാണ് വിനിയോഗിക്കുന്നത്.
ചില ബജറ്റ് വിമാനക്കമ്പനികളിൽ ഇത് 60 ശതമാനം വരെയാണെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ദീർഘദൂര യാത്രക്കാരെയാണ് നിരക്ക് വർധനവ് കൂടുതൽ ബാധിക്കുക. യാത്രാസമയവും ചെലവും കൂടുന്നതിനാൽ പല റൂട്ടുകളിലും അധിക ചാർജ് ഏർപ്പെടുത്താനിടയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ ഗൾഫ് മേഖലയിലെ പ്രമുഖ വിമാനക്കമ്പനികൾക്ക് തങ്ങളുടെ ശക്തമായ സാമ്പത്തിക ശേഖരം ഉപയോഗിച്ച് പ്രതിസന്ധിയെ താൽക്കാലികമായി മറികടക്കാനാകുമെന്നാണ് റിപോർട്ടുകൾ.
.jpg)

