കേരകർഷകരെ ആശങ്കയിലാക്കി തേങ്ങാവില താഴേക്ക്, ഒരു മാസത്തിനിടെ കുറഞ്ഞത് 20 രൂപയോളം

coconut oil

വടക്കഞ്ചേരി: കേരകർഷകരെ ആശങ്കയിലാക്കി തേങ്ങവില താഴേക്ക്. ഒരു മാസംമുമ്പ് കിലോഗ്രാമിന് 70രൂപവരെ ലഭിച്ചിരുന്നത് ഇപ്പോൾ 50-55 രൂപയിലെത്തി. ചില്ലറവിൽപ്പന വില 80 രൂപയിൽനിന്ന് 60-65 രൂപയിലെത്തി.

ഫെബ്രുവരിമുതൽ മേയ് വരെയാണ് കേരളത്തിൽ നാളികേര ഉത്പാദനം കൂടുതലുള്ള സമയം. ഈ സമയത്ത് വില കുറയാറുണ്ടെങ്കിലും നേരത്തേയുള്ള ഇടിവ് കർഷകർക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്. അയൽസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ തേങ്ങവരുന്നതാണ് ഇപ്പോഴുള്ള വിലയിടിവിന് കാരണമെന്ന് നാളികേര മൊത്തവ്യാപാരിയായ കുറുവായിലെ കെ. പങ്ങി പറയുന്നു. വരുംമാസങ്ങളിൽ കേരളത്തിൽ ഉത്പാദനം കൂടുന്നതോടെ വില വീണ്ടും താഴേക്ക് പോകുമെന്നാണ് വിലയിരുത്തൽ.

tRootC1469263">

വൻകിട വെളിച്ചെണ്ണ ഉത്പാദക കമ്പനികൾ സ്റ്റോക്ക് ചെയ്തിരിക്കുന്ന കൊപ്ര വിറ്റഴിക്കുന്നതും വിലയിടിവിന് കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. തെങ്ങ് കയറുന്നതിനുള്ള കൂലിയും മറ്റ് ചെലവുകളും ഉയർന്ന സാഹചര്യത്തിൽ തേങ്ങയ്ക്ക് കിലോഗ്രാമിന് 50രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാവുകയുള്ളൂവെന്ന് മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിലെ കർഷകനായ ഷാജി ജോസഫ് പറഞ്ഞു. വിലയിടിവ് തടയുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം. തേങ്ങയ്ക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവില 34 രൂപയാണ്. ഇത് വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്.


തേങ്ങവില ഇടിഞ്ഞതോടെ വെളിച്ചെണ്ണവിലയും കുറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കേരഫെഡിന്റെ കേര വെളിച്ചെണ്ണവില ഒരുമാസം മുമ്പ് ലിറ്ററിന് 479 രൂപ ആയിരുന്നത് 424 ആയി കുറച്ചു. നാട്ടിൻപുറങ്ങളിലെ സ്വകാര്യ കൊപ്ര മില്ലുകാരും വില കുറച്ചു. ഒരുമാസംമുമ്പ് ലിറ്ററിന് 460 രൂപയായിരുന്നത് 380 രൂപയായി.
 

Tags