യു.എസ്-ചൈന വ്യാപാരയുദ്ധം; ഇന്ത്യയിൽ ഫോണിനും ടിവിക്കും ഫ്രിഡ്ജിനും വില കുറയും


ഇന്ത്യയിൽ ഫോണിനും ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയാൻ സാഹചര്യമൊരുങ്ങുന്നു.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ഫോണിനും ടിവിക്കും ഫ്രിഡ്ജിനും വില കുറയുന്നത്. നിരവധി ചൈനീസ് ഇലക്ട്രോണിക് പാർട്സ് നിർമ്മാതാക്കൾ ഇന്ത്യൻ കമ്പനികൾക്ക് 5 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്തതോടെയാണിത്. ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ ലാഭം ലഭിക്കുന്നതോടെ ഉൽപന്നങ്ങൾക്ക് വില കുറയ്ക്കാൻ ആലോചിക്കുന്നതായി വിവിധ ഇലക്ട്രോണിക്സ് നിർമാതാക്കൾ വ്യക്തമാക്കുന്നു.
യുഎസ്-ചൈന വ്യാപാര സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ. ഏപ്രിൽ രണ്ടിന് പ്രസിഡൻ്റ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് കുത്തനെയുള്ള പകരച്ചുങ്കം ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 34% ചുങ്കം ചുമത്തി ചൈന തിരിച്ചടിച്ചു, ഇത് 104% ആയും തുടർന്ന് ഏപ്രിൽ 9-ന് 125% ആയും ഉയർത്താൻ അമേരിക്കയെ പ്രേരിപ്പിച്ചു. ഇതിനു വിരുദ്ധമായി, പ്രതികാരം ചെയ്യാത്ത രാജ്യങ്ങൾക്കുള്ള താരിഫുകൾക്ക് 90 ദിവസത്തെ താൽക്കാലിക സ്റ്റേ ട്രംപ് പ്രഖ്യാപിച്ചു.

ഈ പ്രശ്നങ്ങൾക്കിടെയാണ് ഇന്ത്യൻ കമ്പനികൾക്ക് നേട്ടമുണ്ടാകാൻ സാഹചര്യമൊരുങ്ങുന്നത്. ഉയർന്ന താരിഫുകൾ കാരണം യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതി സമ്മർദ്ദത്തിലായതിനാൽ, ചൈനയിലെ നിർമ്മാതാക്കൾ ഇലക്ട്രോണിക് പാർട്സുകൾ വിലകുറച്ച് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് നൽകാൻ തയ്യാറാകുന്നത്.