ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും 54 ബില്യൺ ഡോളർ നൽകാനൊരുങ്ങി ചൈന
രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളിലും ഇൻഷുറൻസ് കമ്പനികളിലും 54 ബില്യൺ ഡോളറിന്റെ കൂറ്റൻ മൂലധന നിക്ഷേപത്തിനൊരുങ്ങി ചൈനീസ് ധനകാര്യ മന്ത്രാലയം. തങ്ങളുടെ മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനായുള്ള സാമ്പത്തിക സഹായം ലഭിക്കുമെന്ന് വിവിധ പൊതുമേഖലാ കമ്പനികൾ അറിയിച്ചു.
ചൈനയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ചൈന ലൈഫ് ഇൻഷുറൻസിന് 5.2 ബില്യൺ ഡോളറും ചൈന തായ്പിംഗ് ഇൻഷുറൻസ് ഗ്രൂപ്പിന് ഒരു ബില്യൺ ഡോളറും ലഭിക്കും. കൂടാതെ പീപ്പിൾസ് ഇൻഷുറൻസ് കമ്പനി ഓഫ് ചൈന എ-ഷെയറുകളുടെ പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ 2.2 ബില്യൺ ഡോളർ വരെ സമാഹരിക്കാൻ പദ്ധതിയിടുന്നതായും വ്യക്തമാക്കി.
കുറഞ്ഞ പലിശനിരക്കുകൾ കാരണം ലാഭക്ഷമത കുറയുകയും ചെറുതും ഇടത്തരവുമായ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ഭദ്രത വഷളാവുകയും ചെയ്ത സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ ഈ ഇടപെടൽ. ചൈന എക്സ്പോർട്ട് ആൻഡ് ക്രെഡിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ തങ്ങളുടെ കോർ മൂലധനം വർദ്ധിപ്പിക്കുന്നതിനായി ധനകാര്യ മന്ത്രാലയം ഏകദേശം 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അറിയിച്ചു, കൂടാതെ ചൈന റീഇൻഷുറൻസ് (ഗ്രൂപ്പ്) 447 മില്യൺ ഡോളർ സമാഹരിക്കുമെന്ന് അറിയിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനും സാമ്പത്തിക-ഇൻഷുറൻസ് മേഖലകളുടെ വളർച്ചയ്ക്കും അപകടസാധ്യതകൾ നേരിടാനും ഈ മൂലധന കുത്തിവയ്പ്പ് സഹായിക്കുമെന്ന് ചൈന ലൈഫ് വ്യക്തമാക്കി.
.jpg)

